തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിനിടയില്‍ ന്യൂസ് സ്റ്റുഡിയോയില്‍ ഇറാന്‍ മാധ്യമപ്രവര്‍ത്തക സാഹര്‍ ഇമാമി പ്രകടിപ്പിച്ച ധീരതക്ക് വെനസ്വേലയുടെ ആദരം. സിമോണ്‍ ബോളിവര്‍ സമ്മാനം നല്‍കിയാണ് ഇമാമിയെ ആദരിച്ചത്. ഇസ്രായേല്‍ ആക്രമണത്തിനിടെ ഇറാനിയന്‍ ന്യൂസ് സ്റ്റുഡിയോയില്‍ അവര്‍ പ്രകടിപ്പിച്ച ധീരതക്കാണ് അംഗീകാരം. ഇമാമിക്കും റിപബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ്‌വര്‍ക്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുമായി പുരസ്‌കാരം നല്‍കുകയാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ പറഞ്ഞു. വെനസ്വേലയിലെ ഇറാന്‍ അംബാസഡര്‍ അലി ചെഗിനിയായിരിക്കും ഇമാമിക്കും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമായി പുരസ്‌കാരം ഏറ്റുവാങ്ങുക.
ഇമാമിയുടേയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും ധീരതയെ മദുറോ പ്രശംസിച്ചു. ഇമാമിയെ പ്രശംസിച്ച് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയും രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തിനിടെയാണ് ഇറാന്‍ ഔദ്യോഗിക ചാനലിന്റെ സ്റ്റുഡിയോയില്‍ നാടകീയ സംഭവങ്ങളുണ്ടായത്.
സാഹര്‍ ഇമാമി വാര്‍ത്ത വായിക്കുന്നതിനിടെ ഇസ്രായേല്‍ മിസൈല്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ പതിക്കുകയായിരുന്നു. ഇമാമി വാര്‍ത്ത വായന തുടര്‍ന്നുവെങ്കിലും അവര്‍ക്ക് പിന്നിലുള്ള ടെലിവിഷന്‍ ഉള്‍പ്പടെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ ചാനലിന് ലൈവ് ടെലികാസ്റ്റ് നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍, വൈകാതെ അവര്‍ സ്റ്റുഡിയോ ഫ്‌ലോറിലേക്ക് തിരിച്ചെത്തുകയും വാര്‍ത്താവായന തുടരുകയും ചെയ്തു. ഈ ധീരതയേയാണ് വെനസ്വേല പുരസ്‌കാരം നല്‍കി ആദരിച്ചത്.
Related News