വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലേക്കുള്ള യാത്രയില്‍ പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ യാത്രാ മുന്നറിയിപ്പ് പുറത്തിറക്കി. 'ലെവല്‍ 2 അതീവ ജാഗ്രത പാലിക്കുക' എന്ന ഈ മുന്നറിയിപ്പ്, ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ കുറ്റകൃത്യങ്ങളും ഭീകരവാദവുമാണ് പ്രധാന കാരണം.
'ബലാത്സംഗം ഇന്ത്യയില്‍ അതിവേഗം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ്. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. ഭീകരര്‍ക്ക് മുന്നറിയിപ്പില്ലാതെയോ വളരെ കുറഞ്ഞ മുന്നറിയിപ്പോടെയോ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. അവര്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍/ഷോപ്പിംഗ് മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിടുന്നു,' നോട്ടീസില്‍ പറയുന്നു.
തിരഞ്ഞെടുത്ത ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അനുമതി നിര്‍ബന്ധമാക്കി. 'ഗ്രാമീണ മേഖലകളിലെ യുഎസ് പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കാനുള്ള യുഎസ് സര്‍ക്കാരിന്റെ കഴിവ് പരിമിതമാണ്. ഈ പ്രദേശങ്ങള്‍ കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന മുതല്‍ പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറ് ഭാഗം വരെ വ്യാപിച്ചുകിടക്കുന്നു. ഈ അപകടസാധ്യതകള്‍ കാരണം, ഇന്ത്യയില്‍ ജോലി ചെയ്യുന്ന യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി നേടണം'.
ജമ്മു കാശ്മീര്‍ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ''ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ഈ പ്രദേശത്തേക്ക് (കിഴക്കന്‍ ലഡാക്ക് മേഖലയിലേക്കും അതിന്റെ തലസ്ഥാനമായ ലേയിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ ഒഴികെ) യാത്ര ചെയ്യരുത്. ഭീകരാക്രമണങ്ങളും അക്രമാസക്തമായ ആഭ്യന്തര കലാപവും സാധ്യമാണ്. ഈ പ്രദേശത്ത് അക്രമങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയില്‍ ഇത് സാധാരണമാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.
Related News