l o a d i n g

വേള്‍ഡ്

പാകിസ്ഥാനില്‍നിന്ന് പുറത്താക്കപ്പെടുന്ന അഫ്ഗാനികള്‍: പുതിയ തുടക്കത്തിനായി പലായനം

Thumbnail

തോര്‍ഖാം, അഫ്ഗാനിസ്ഥാന്‍- '45 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് എന്നെന്നേക്കുമായി പാകിസ്ഥാന്‍ വിട്ടുപോവുക.' - ഉത്തരവ് വ്യക്തവും ചോദ്യം ചെയ്യാനാവാത്തതുമായിരുന്നു, സമയപരിധി ഞെട്ടിപ്പിക്കുന്നതും.

ഒരു ഇഷ്ടിക ഫാക്ടറിയില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ 42-കാരനായ ഷേര്‍ ഖാന്‍ വീട്ടുവാതില്‍ക്കല്‍ നിന്ന പോലീസുകാരനെ അത്ഭുതത്തോടെ നോക്കി നിന്നു. തന്റെ ജീവിതം മുഴുവന്‍ എങ്ങനെ ഒരു മണിക്കൂറിനുള്ളില്‍ പെറുക്കിയെടുത്ത്, ജനിച്ച രാജ്യം വിട്ടുപോവാനാകുമെന്ന് അയാള്‍ക്ക് മനസ്സിലായില്ല.

കണ്ണിമ ചിമ്മി തുറക്കും വേഗത്തില്‍ അയാള്‍ കെട്ടിപ്പടുത്ത ജീവിതം ഇല്ലാതായി. ഷേര്‍ ഖാനും ഭാര്യയും കുറച്ച് അടുക്കള സാധനങ്ങളും അവര്‍ക്കും ഒമ്പത് മക്കള്‍ക്കും വേണ്ടത്ര വസ്ത്രങ്ങളും മാത്രമെടുത്ത്് പാകിസ്ഥാന്‍ നിയന്ത്രിത കശ്മീരിലെ വീടും ബാക്കിയെല്ലാം ഉപേക്ഷിച്ച് ഇറങ്ങി.

1979-ലെ സോവിയറ്റ് അധിനിവേശവും തുടര്‍ന്നുള്ള യുദ്ധവും കാരണം അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്ത മാതാപിതാക്കള്‍ക്ക് പാകിസ്ഥാനില്‍ ജനിച്ച ഖാന്‍, പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് അഫ്ഗാനികളില്‍ ഒരാളാണ്.

2023 ഒക്ടോബറില്‍ പാകിസ്ഥാന്‍ ആരംഭിച്ച, അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കെതിരായ വേട്ട ഏകദേശം 10 ലക്ഷത്തോളം അഫ്ഗാനികളുടെ പലായനത്തിന് കാരണമായി. ദശലക്ഷക്കണക്കിന് ആളുകള്‍ ഇനിയും രാജ്യത്ത് തുടരുന്നുണ്ടെന്നും അവരെയും പുറത്താക്കണമെന്നും പാകിസ്ഥാന്‍ പറയുന്നു.

'ഞങ്ങളുടെ എല്ലാ സാധനങ്ങളും ഉപേക്ഷിക്കേണ്ടിവന്നു,' പുറത്താക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്കുള്ള ആദ്യ താവളമായ തോര്‍ഖാമിലെ പൊടിപിടിച്ച, കാറ്റുവീശുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ നില്‍ക്കുമ്പോള്‍ ഖാന്‍ പറഞ്ഞു. 'ഇവ നേടിയെടുക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്തു.'

അഫ്ഗാനികള്‍ക്ക് പാകിസ്ഥാന്‍ വിട്ടുപോകാനോ നാടുകടത്തലിനെ നേരിടാനോ ഈ വര്‍ഷം ആദ്യം പല സമയപരിധികളും നിശ്ചയിച്ചിരുന്നു. അഫ്ഗാന്‍ സിറ്റിസണ്‍ കാര്‍ഡ് ഉടമകള്‍ മാര്‍ച്ച് 31-നകം തലസ്ഥാനമായ ഇസ്ലാമാബാദും റാവല്‍പിണ്ടി നഗരവും വിട്ടുപോകണമായിരുന്നു. അതേസമയം, പ്രൂഫ് ഓഫ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് ജൂണ്‍ 30 വരെ അവിടെ തുടരാന്‍ അനുവാദമുണ്ടായിരുന്നു. പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളില്‍ താമസിക്കുന്ന അഫ്ഗാനികള്‍ക്ക് പ്രത്യേക സമയപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല.

സമയപരിധിക്ക് അപ്പുറം തന്റെ യാത്ര വൈകുന്നത് ഭാര്യയെയും കുട്ടികളെയും തന്നോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് കാരണമാകുമോ എന്ന് ഖാന്‍ ഭയപ്പെട്ടു, കുടുംബത്തിന്റെ അഭിമാനത്തിന് താങ്ങാനാവുന്നതല്ല അത്.

'ഞങ്ങള്‍ വിനയത്തോടും അഭിമാനത്തോടും കൂടി അഫ്ഗാനിസ്ഥാനിലേക്ക് വന്നതില്‍ സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട തന്റെ സ്വത്തുക്കള്‍ അവിടെ ചെയ്തതുപോലെ, ദൈവം ഇവിടെയും നല്‍കുമായിരിക്കും.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ നടത്തുന്ന തോര്‍ഖാം ക്യാമ്പില്‍, ഓരോ കുടുംബത്തിനും ഒരു സിം കാര്‍ഡും 10,000 അഫ്ഗാനി കറന്‍സിയും (145 ഡോളര്‍) സഹായമായി ലഭിക്കുന്നു. മൂന്ന് ദിവസം വരെ അവിടെ താമസിക്കാം, അതിനുശേഷം അടുത്ത സ്ഥലത്തേക്ക് മാറേണ്ടതുണ്ട്.

ക്യാമ്പ് ഡയറക്ടര്‍ മോള്‍വി ഹാഷിം മെയ്വാണ്ട്വാല്‍ പറയുന്നതനുസരിച്ച്, പാകിസ്ഥാനില്‍നിന്ന് ദിവസേന ഏകദേശം 150 കുടുംബങ്ങള്‍ എത്തുന്നുണ്ട്. രണ്ട് മാസം മുമ്പ് 1,200 കുടുംബങ്ങള്‍ വരെ എത്തിയിരുന്നു. എന്നാല്‍ ജൂണ്‍ 7-ന് ആരംഭിച്ച മൂന്ന് ദിവസത്തെ പെരുന്നാള്‍ അവധിക്ക് ശേഷം വീണ്ടും ആളുകളുടെ എണ്ണം വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പിലെ സഹായ സംഘടനകള്‍ ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രാദേശിക ചാരിറ്റിയായ അസീല്‍ ശുചീകരണ സാമഗ്രികളും ഭക്ഷണവും നല്‍കുന്നു. അഫ്ഗാനിസ്ഥാനിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള ഒരു സംവിധാനവും അവര്‍ ഒരുക്കിയിട്ടുണ്ട്.

ഈദിന് ശേഷം 'വളരെ വലിയ തോതില്‍' ആളുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി അസീലിന്റെ നജിബുള്ള ഘിയാസി പറഞ്ഞു. 'നമുക്ക് അവരെ എല്ലാവരെയും കൈകാര്യം ചെയ്യാന്‍ കഴിയില്ല, കാരണം എണ്ണം വളരെ വലുതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കൂടുതല്‍ ആളുകളെ സഹായിക്കാന്‍ സംഘടന ഫണ്ട് ശേഖരണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

തീവ്രവാദത്തിന് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍

രാജ്യത്തിനകത്ത് തീവ്രവാദി ആക്രമണങ്ങള്‍ നടത്തുന്നതിന് പാകിസ്ഥാന്‍ അഫ്ഗാനികളെ കുറ്റപ്പെടുത്തുന്നു, അതിര്‍ത്തി കടന്നാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ കാബൂളിലെ താലിബാന്‍ സര്‍ക്കാര്‍ ഈ ആരോപണം നിഷേധിക്കുന്നു.

അഫ്ഗാനികളെ ലക്ഷ്യമിടുന്നില്ലെന്നും രാജ്യം വിട്ടുപോകുന്ന എല്ലാവരെയും മനുഷ്യത്വപരമായും മാന്യമായും ആണ് കൈകാര്യം ചെയ്യുന്നതെന്നും പാകിസ്ഥാന്‍ പറയുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് പോകാന്‍ നിര്‍ബന്ധിതരാകുന്നത് മനുഷ്യത്വപരമല്ല.

ഇറാനും അഫ്ഗാനികളെ പുറത്താക്കുന്നുണ്ട്. ഏപ്രില്‍ 1 മുതല്‍ രണ്ട് മാസത്തിനുള്ളില്‍ 5 ലക്ഷം അഫ്ഗാനികള്‍ക്ക് ഇറാനും പാകിസ്ഥാനും വിട്ടുപോകേണ്ടി വന്നതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. അധികാരികള്‍ അഫ്ഗാനികളെ വേഗത്തില്‍ പോകാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും സഹായ ഏജന്‍സികളും പറയുന്നു.

ഏപ്രിലില്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തത്, പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും, ആളുകളെ മര്‍ദ്ദിക്കുകയും, ഏകപക്ഷീയമായി തടങ്കലില്‍ വെക്കുകയും, താമസാനുമതി ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു എന്നാണ്. അഫ്ഗാനികളെ പാകിസ്ഥാനില്‍ തുടരാന്‍ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

വീണ്ടും തുടങ്ങുമ്പോള്‍ പ്രതീക്ഷ തേടി

അമ്പത് വയസ്സുകാരനായ യാര്‍ മുഹമ്മദ് 45 വര്‍ഷത്തോളം പാക് കാശ്മീരില്‍ താമസിച്ചു. 12 കുട്ടികളുടെ പിതാവായ ഇദ്ദേഹം ഫ്ളോറിംഗ് ബിസിനസ് സ്ഥാപിക്കുകയും നിരവധി തൊഴിലാളികളെ നിയമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാതിലിലും അവസാനം പോലീസ് മുട്ടി. അവര്‍ക്ക് ആറ് മണിക്കൂര്‍ സമയം നല്‍കി.

'ഒരാള്‍ക്ക് ഇത്രയധികം ബിസിനസ് ആറ് മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാന്‍ കഴിയില്ല, 45 വര്‍ഷമായി ഞാന്‍ ഇവിടെ താമസിക്കുകാണ്, അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ അദ്ദേഹത്തെ സഹായിക്കാന്‍ പാഞ്ഞെത്തി. കമ്പനിയുടെ തറ മിനുക്കുന്ന യന്ത്രങ്ങള്‍, കുറച്ച് മേശകള്‍, കട്ടില്‍ ഫ്രെയിമുകള്‍, മെത്തകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം പാക്ക് ചെയ്യാന്‍ സഹായിച്ചു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ വീട്ടുപകരണങ്ങളും തോര്‍ഖാം അഭയാര്‍ത്ഥി ക്യാമ്പിലെ ഓറഞ്ച് കൂടാരങ്ങളില്‍ തിങ്ങിനിറഞ്ഞിരിക്കുന്നു, കഷ്ടപ്പെട്ട് സമ്പാദിച്ച പോളിഷിംഗ് യന്ത്രങ്ങള്‍ പുറത്ത് വെയിലും മഴയും കൊണ്ട് കിടക്കുന്നു. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ കാബൂളില്‍ ഒരു സ്ഥലം വാടകക്ക് എടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 'ഞങ്ങള്‍ എന്തുചെയ്യുമെന്ന് എനിക്കറിയില്ല,' അദ്ദേഹം പറഞ്ഞു, അഫ്ഗാനിസ്ഥാനില്‍ ബിസിനസ് വീണ്ടും ആരംഭിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 'വിജയിച്ചാല്‍ നല്ലത് - അത്ര ആത്മവിശ്വാസം സ്ഫുരിക്കാത്ത ഭാവത്തില്‍ യാര്‍ മുഹമ്മദ് പറഞ്ഞു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025