വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്കുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. 2017ലെ ഭരണത്തില്‍ അധികവും മുസ്്‌ലിം രാജ്യങ്ങളായിരുന്നുവെങ്കില്‍ ഇക്കുറി അധികവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്. ഇപ്പോള്‍ 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, ഇറാന്‍, ലിബിയ, യെമന്‍, ഹെയ്തി, സോമാലിയ, സുഡാന്‍, എറിത്രിയ, ഗിനിയ, കൊംഗോ, ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സമ്പൂര്‍ണ വിലക്ക്. ജൂണ്‍ ഒമ്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ക്യൂബയെ കൂടാതെ ബുറുണ്ടി, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനിസ്വേല എന്നിവയാണ് ഭാഗിക വിലക്കുള്ള രാജ്യങ്ങള്‍. വിലക്ക് പ്രകാരം അമേരിക്കയിലേക്കുള്ള യാത്രക്ക് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.
വിസ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അപകടകാരികളായ വിദേശ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാനാണ് നടപടിയെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് നടപടി അനിവാര്യമെന്നും ട്രംപ് വ്യക്തമാക്കി. 2017ല്‍ നിരവധി മുസ് ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2021ല്‍ ജോ ബൈഡന്‍ വിലക്ക് നയം പിന്‍വലിക്കുകയായിരുന്നു.
Related News