ന്യൂയോര്‍ക്ക്: ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ മുന്‍ മോര്‍ച്ചറി മാനേജര്‍ സെഡ്രിക് ലോഡ്ജ്, മൃതദേഹങ്ങള്‍ മോഷ്ടിക്കുകയും അവയവങ്ങള്‍ കടത്തുകയും ചെയ്ത കേസില്‍ കുറ്റം സമ്മതിച്ചു. ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി ദാനം ചെയ്ത മൃതദേഹങ്ങളില്‍നിന്ന് തലച്ചോറ്, ചര്‍മ്മം, കൈകള്‍, മുഖം എന്നിവയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ ഇയാള്‍ കടത്തിക്കൊണ്ടുപോയെന്നാണ് കേസ്.
മോഷ്ടിച്ച മനുഷ്യന്റെ അവശിഷ്ടങ്ങള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കടത്തിയ കുറ്റം 57 വയസ്സുകാരനായ സെഡ്രിക് ലോഡ്ജ് പെന്‍സില്‍വാനിയയിലെ കോടതിയില്‍ സമ്മതിച്ചതായി യുഎസ് അറ്റോര്‍ണി ജോണ്‍ ഗുര്‍ഗാനസ് അറിയിച്ചു. 2018 മുതല്‍ 2020 വരെ ഹാര്‍വാര്‍ഡ് അനാട്ടമിക്കല്‍ ഗിഫ്റ്റ് പ്രോഗ്രാമിന്റെ ചുമതല വഹിച്ചിരുന്ന ലോഡ്ജ്, ശാസ്ത്രീയ പഠനങ്ങള്‍ക്കായി ദാനം ചെയ്ത മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുകയായിരുന്നു.
'സെഡ്രിക് ലോഡ്ജിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ധാര്‍മ്മികമായി വളരെ മോശവും ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിന്റെ അനാട്ടമിക്കല്‍ ഗിഫ്റ്റ് പ്രോഗ്രാമിന് തങ്ങളുടെ ശരീരം ദാനം ചെയ്ത വ്യക്തികളോടുള്ള വിശ്വാസവഞ്ചനയുമാണെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ഡീന്‍ ഡോ. ജോര്‍ജ്ജ് ക്യു ഡേലി പ്രസ്താവനയില്‍ പറഞ്ഞു. ലോഡ്ജ്, ഭാര്യ ഡെനിസ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ മോര്‍ച്ചറിയില്‍ നിന്ന് ന്യൂ ഹാംഷെയറിലെ വീട്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴിയും യുഎസ് പോസ്റ്റല്‍ സര്‍വീസ് വഴിയുമായിരുന്നു ഇവരുടെ കച്ചവടം.
ഞെട്ടിക്കുന്ന വിവരങ്ങള്‍
കോടതി രേഖകള്‍ പ്രകാരം, ലോഡ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ ശൃംഖലയുടെ ഭാഗമായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പല പ്രതികളും ഇതിനകം കുറ്റം സമ്മതിച്ചിട്ടുണ്ട്. ലോഡ്ജിനും ഭാര്യക്കും ഒരു ആവശ്യക്കാരനില്‍നിന്ന് മാത്രം കുറഞ്ഞത് 37,000 ഡോളര്‍ ലഭിച്ചു.
മാസച്ചൂസറ്റ്സിലെ കാറ്റ്സ് ക്രീപ്പി ക്രിയേഷന്‍സിലെ കാട്രീന മക്ലീന്‍ ഉള്‍പ്പെടെയുള്ള ചില ബയര്‍മാരെ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ച് ശരീരഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലോഡ്ജ് അനുവദിച്ചിരുന്നു. 2020-ല്‍ മക്ലീന്‍ രണ്ട് ഛേദിക്കപ്പെട്ട മുഖങ്ങള്‍ക്കായി 600 ഡോളര്‍ നല്‍കിയതായി ആരോപിക്കപ്പെടുന്നു. മനുഷ്യന്റെ അവശിഷ്ടങ്ങള്‍ സ്വത്തായി കണക്കാക്കാനാവില്ലെന്ന് മക്ലീന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഈ സംഭവം ഹാര്‍വാഡ് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. 'ഞങ്ങളുടെ കാമ്പസില്‍ ഇത്രയും അസ്വസ്ഥജനകമായ ഒന്ന് നടന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി,' ജോര്‍ജ്ജ് ഡേലിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡീന്‍ എഡ്വേര്‍ഡ് ഹണ്ടര്‍ട്ടും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലോഡ്ജിന്റെ കുറ്റസമ്മതം ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും, 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ലഭിച്ചേക്കാം.
Related News