ബ്രസ്സല്‍സ്- ബെല്‍ജിയത്തിന്റെ ഭാവി രാജ്ഞിയായ 23 വയസ്സുകാരി പ്രിന്‍സസ് എലിസബത്തിന്റെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ പഠനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിദേശ വിദ്യാര്‍ഥി വിലക്കിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തില്‍. രാജകുമാരി ഹാര്‍വാഡിലെ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി.
ട്രംപ് ഭരണകൂടം വ്യാഴാഴ്ച ഹാര്‍വാഡ് യൂണിവേഴ്സിറ്റിക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി റദ്ദാക്കുകയും, നിലവിലുള്ള വിദേശ വിദ്യാര്‍ത്ഥികളെ മറ്റ് യൂണിവേഴ്സിറ്റികളിലേക്ക് മാറാനോ അല്ലെങ്കില്‍ യുഎസ് വിടാനോ നിര്‍ബന്ധിതരാക്കുകയും ചെയ്തു. മറ്റ് സര്‍വകലാശാലകളിലേക്കും ഈ നടപടി വ്യാപിപ്പിക്കുമെന്ന് ഭീഷണിയുമുണ്ട്.
'പ്രിന്‍സസ് എലിസബത്ത് തന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന്റെ സ്വാധീനം വരും ദിവസങ്ങളിലും ആഴ്ചകളിലും മാത്രമേ വ്യക്തമാകൂ. ഞങ്ങള്‍ നിലവില്‍ സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്,' ബെല്‍ജിയന്‍ റോയല്‍ പാലസിന്റെ വക്താവ് ലോറെ വാന്‍ഡൂര്‍ണെ പറഞ്ഞു.
'ഞങ്ങള്‍ ഇപ്പോള്‍ ഇത് വിശകലനം ചെയ്യുകയാണ്, കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ കാത്തിരിക്കും. അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്,' പാലസിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സേവ്യര്‍ ബേര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
പൊതുസേവന രംഗത്ത് വിജയകരമായ ഒരു കരിയറിനായി വിദ്യാര്‍ഥികളുടെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുകയും കഴിവുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സായ പബ്ലിക് പോളിസിയാണ് പ്രിന്‍സസ് എലിസബത്ത് ഹാര്‍വാഡില്‍ പഠിക്കുന്നത്.
കിംഗ് ഫിലിപ്പിന്റെയും ക്വീന്‍ മാഥില്‍ഡെയുടെയും നാല് മക്കളില്‍ മൂത്തവളായ പ്രിന്‍സസ് എലിസബത്ത് ബെല്‍ജിയന്‍ സിംഹാസനത്തിന്റെ അനന്തരാവകാശിയാണ്. ഹാര്‍വാഡില്‍ ചേരുന്നതിന് മുമ്പ് അവര്‍ യുകെയുടെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടിയിരുന്നു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം നിയമവിരുദ്ധവും പ്രതികാര നടപടിയാണെന്നും ഹാര്‍വാഡ് സര്‍വകലാശാല അഭിപ്രായപ്പെട്ടു. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ആന്റിസെമിറ്റിസത്തിനെതിരെ മതിയായ നടപടികളുണ്ടായില്ലെന്നും നിയമപരമല്ലാത്ത പ്രവേശന രീതികളാണുള്ളതെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ ഹാര്‍വാഡ് നിഷേധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. യുഎസ് ഫെഡറല്‍ ജഡ്ജി ജെഫ്രി വൈറ്റ് വിദേശ വിദ്യാര്‍ഥി വിലക്കിന് താത്കാലിക സ്റ്റേ അനുവദിച്ചു. ഇത് വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിയിട്ടുണ്ട്.
Related News