ബ്രസ്സല്‍സ്/ലണ്ടന്‍- തിങ്കളാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍-ബ്രിട്ടന്‍ ഉച്ചകോടിക്ക് മുന്നോടിയായി പ്രതിരോധം, സുരക്ഷ, മത്സ്യബന്ധനം, യുവജനങ്ങളുടെ സഞ്ചാരം എന്നീ സുപ്രധാന വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പ്രാഥമിക ധാരണയിലെത്തി. ഈ കരാറിലൂടെ ബ്രിട്ടീഷ് കമ്പനികള്‍ക്ക് വലിയ യൂറോപ്യന്‍ യൂണിയന്‍ പ്രതിരോധ കരാറുകളില്‍ പങ്കാളികളാകാന്‍ വഴിയൊരുങ്ങുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ഗവണ്‍മെന്റ് പ്രതിനിധികള്‍ക്ക് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംയുക്ത ധാരണയുടെ രേഖ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ രേഖ ഇനി 27 യൂറോപ്യന്‍ യൂണിയന്‍ ഗവണ്‍മെന്റുകളുടെ അംഗീകാരത്തിന് വിധേയമാകും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ തിങ്കളാഴ്ച ലണ്ടനില്‍ കൂടിക്കാഴ്ച നടത്തും.
യൂറോപ്യന്‍ യൂണിയന്‍-ബ്രിട്ടന്‍ ഉച്ചകോടിയുടെ വിവിധ രേഖകളിലും സമാന്തര വിഷയങ്ങളിലും ധാരണയായിട്ടുണ്ടെന്ന് ഒരു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. 'ഉച്ചകോടി അടുക്കുമ്പോള്‍, ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും തൃപ്തിയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാ അംഗരാജ്യങ്ങളില്‍ നിന്നും ഔദ്യോഗിക അംഗീകാരം നേടുന്നതിനുള്ള രേഖാമൂലമുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞതിന് ശേഷമുള്ള ഏറ്റവും സുപ്രധാനമായ ബന്ധം പുനഃസ്ഥാപിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുകയാണ്. സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനും ഭൂഖണ്ഡത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം തേടുകയാണ് ബ്രിട്ടന്റെ ലക്ഷ്യം.
Related News