വാഷിംഗ്ടണ്‍: യുഎസില്‍ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യാക്കാരനായ ടെക് സംരംഭകന്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ട് താലൂക്കില്‍ നിന്നുള്ള ഹര്‍ഷവര്‍ധന എസ്. കിക്കേരി (57), ഭാര്യ ശ്വേത പന്യം (44) ഇവരുടെ 14 വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. സംഭവസമയം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ദമ്പതികളുടെ മറ്റൊരു മകന്‍ രക്ഷപ്പെട്ടു. നേരത്തെ മമൈക്രോസോഫ്റ്റ് ജീവനക്കാരനായിരുന്ന ഹര്‍ഷവര്‍ധന റോബോട്ടിക്‌സ് വിദഗ്ധനാണ്.
ഹര്‍ഷവര്‍ധനയുടെ വാഷിംഗ്ടണിലെ ന്യൂകാസിലിലുള്ള വീട്ടിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്ന് കേസ് അന്വേഷിക്കുന്ന കിംഗ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
റോബോട്ടിക്‌സ് വിദഗ്ധനായ ഹര്‍ഷവര്‍ധന സാങ്കേതികവിദ്യയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ഇന്ത്യയിലും യുഎസിലും അംഗീകാരം നേടിയിരുന്നു. 2017ല്‍ ഇന്ത്യയിലേക്ക് മടങ്ങുകയും മൈസൂരു കേന്ദ്രമായി റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ഹോളോവേള്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഓട്ടോമേഷനിലും നിര്‍മിത ബുദ്ധിയിലും നൂതനാശയങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സ്ഥാപിച്ചത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍, അതിര്‍ത്തി സുരക്ഷയ്ക്കായി റോബോട്ടുകളെ ഉപയോഗിക്കാനുള്ള നിര്‍ദേശവുമായി ഹര്‍ഷവര്‍ധന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2022ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്ന് കിക്കേരിയും കുടുംബവും അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.
Related News