കോഴിക്കോട്: കേരളത്തിന്റെ നെല്ലച്ഛനും പത്മശ്രീ ജേതാവുമായ വയനാട് പരമ്പരാഗത കര്ഷകന് ചെറുവയല് രാമന് (74) അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ ഹൃദയത്തിന് താഴെ ഞരമ്പ് പൊട്ടിയായിരുന്നു അന്ത്യം.
അന്യംനിന്നുപോയേക്കാമായിരുന്ന 32-ഓളം പരമ്പരാഗത നെല്വിത്തുകളും ഔഷധസസ്യങ്ങളും പാരമ്പര്യ പച്ചക്കറികളും സ്വന്തം തോട്ടത്തില് സംരക്ഷിച്ച ജൈവവൈവിധ്യത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. കുറിച്യ സമുദായംഗമായ അദ്ദേഹം 2011-ല് ഹൈദരാബാദില് നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ ഉച്ചകോടിയില് കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നാടിന്റെ കാര്ഷിക പൈതൃകത്തിന് നല്കിയ സംഭാവനകള് മാനിച്ച് 2023-ല് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തില് മുഖ്യമന്ത്രി വി.ഡി. സതീശന് അനുശോചിച്ചു. കൃഷി ഉപജീവനമല്ല മറിച്ച് മണ്ണിനോടുള്ള ഉത്തരവാദിത്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു ചെറുവയല് രാമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കൃഷി വെറുമൊരു ഉപജീവനമാര്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകര്ന്നു നല്കിയ ആ ജീവിതം എക്കാലവും ഓര്മിക്കപ്പെടും. ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണില് നിലനിര്ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Related News