റിയാദ്- സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പ്രതിവര്ഷം 1,800 കോടി (18 ബില്യണ്) റിയാല്. കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ ട്രാന്സ്പോര്ട്ടേഷന് ആന്ഡ് ട്രാഫിക് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസര് ഡോ. മുഹമ്മദ് ഹമദ് അല്-മന്ന റിയാദ് ഇക്കണോമിക് ഫോറത്തില് അവതരിപ്പിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗതാഗത സൂചികയെ സാമ്പത്തിക മൂല്യത്തിലേക്ക് മാറ്റുന്ന 'ഇക്കണോമിക് കോസ്റ്റ് ഇന്ഡക്സ് ഓഫ് ട്രാഫിക് കണ്ജഷന്' (CCI) ഉപയോഗിച്ചാണ് ഗവേഷണ സംഘം ഈ തുക കണക്കാക്കിയത്. സാമ്പത്തികം, സാമൂഹികം, മാനസികം തുടങ്ങി എട്ട് പ്രധാന ഘടകങ്ങള് വിശകലനം ചെയ്ത ശേഷമാണ് വാര്ഷിക നഷ്ടം 1,800 കോടി റിയാലാണെന്ന നിഗമനത്തില് എത്തിയത്. 2016 മുതല് 2026 വരെയുള്ള കഴിഞ്ഞ 10 വര്ഷത്തെ ട്രാഫിക് വിവരങ്ങളും ശരാശരി വേഗവും വിശകലനം ചെയ്യുന്നതിനായി അന്താരാഷ്ട്ര നാവിഗേഷന് ഡാറ്റാ ഏജന്സിയായ 'ടോംടോ'മില് നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.
കഴിഞ്ഞ ദശകത്തില് ഗതാഗതക്കുരുക്ക് എപ്രകാരം വളര്ന്നു എന്ന് പരിശോധിച്ചപ്പോള്, പ്രഭാത സമയങ്ങളിലെ തിരക്കിനേക്കാള് വൈകുന്നേരങ്ങളിലെ തിരക്ക് വന്തോതില് വര്ധിച്ചതായി കണ്ടെത്തി. മൂന്ന് നഗരങ്ങളിലും വൈകുന്നേരം 5:00 മണിക്കാണ് ഏറ്റവും ഉയര്ന്ന ട്രാഫിക് രേഖപ്പെടുത്തിയത്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കിന്റെ വ്യാപ്തി അളന്ന ഗവേഷണ സംഘം, പ്രഭാത സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളില് ഗതാഗതക്കുരുക്ക് രണ്ടും മൂന്നും മടങ്ങ് വരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി.
Related News