ന്യൂഡല്ഹി: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്നിന്നുള്ള വിമാന സര്വീസുകള് ഒക്ടോബര് 17 വരെ റദ്ദാക്കുകയോ താല്ക്കാലികമായി നിര്ത്തിവെക്കുകയോ ചെയ്ത് പ്രമുഖ വിമാനക്കമ്പനികള്. എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ്, ഇന്ഡിഗോ, ആകാശ എയര് എന്നീ കമ്പനികളാണ് സര്വീസുകളില് നിയന്ത്രണം പ്രഖ്യാപിച്ചത്. തീരുമാനം ഉംറ തീര്ഥാടകരുടെ മടക്കയാത്രയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ സൗദി നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്വീസുകളെയാണ് തീരുമാനം ബാധിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് വിമാനക്കമ്പനികള് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്ഗണനയെന്നും സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കമ്പനികള് വ്യക്തമാക്കി.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള് ഒക്ടോബര് 17 വരെ റദ്ദാക്കിയതായി എയര് ഇന്ത്യ അറിയിച്ചു. സുരക്ഷിതമായി സര്വീസുകള് പുനരാരംഭിക്കാന് സാഹചര്യം അനുകൂലമാകുന്നതുവരെ സംഭവവികാസങ്ങള് വിലയിരുത്തുമെന്നും കമ്പനി വ്യക്തമാക്കി.
ദമ്മാം, ജിദ്ദ, റിയാദ് റൂട്ടുകളിലെ സര്വീസുകള് എയര് ഇന്ത്യ എക്സ്പ്രസും നിര്ത്തിവെച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട യാത്രക്കാര്ക്ക് അധിക നിരക്കില്ലാതെ യാത്രാത്തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി മുഴുവന് തുകയും തിരിച്ചുവാങ്ങാനോ സൗകര്യമുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇന്ഡിഗോ റിയാദ്, ജിദ്ദ, ദമ്മാം, മദീന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്വീസുകള്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ റൂട്ടുകളിലെ സര്വീസുകള് ഒക്ടോബര് 17 വരെ നിര്ത്തിവെക്കുന്നതായി ആകാശ എയറും അറിയിച്ചു.
സൗദിയിലെ വിമാനത്താവളങ്ങള്ക്കുനേരെ ആക്രമണങ്ങളും മേഖലയില് വര്ധിക്കുന്ന സംഘര്ഷവുമാണ് വിമാനക്കമ്പനികളുടെ തീരുമാനത്തിന് പശ്ചാത്തലം. കഴിഞ്ഞ ദിവസങ്ങളില് റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണവാര്ത്തകള്ക്കു പിന്നാലെ ചില സര്വീസുകള് താല്ക്കാലികമായി നിര്ത്തിവെച്ചിരുന്നു. സുരക്ഷാ സാഹചര്യം അനുകൂലമായാല് സര്വീസുകള് പുനരാരംഭിക്കുമെന്ന് കമ്പനികള് അറിയിച്ചു.
Related News