ദമ്മാം: യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ പ്രവിശ്യയിലെ യുവ സംരംഭകരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ് പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. മേഖലയിലെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും സംരംഭക രംഗത്ത് വിജയിക്കാന്‍ ആവശ്യമായ അറിവും നൈപുണ്യവും പകര്‍ന്നുനല്‍കുന്നതിനും വേദിയൊരുക്കിയ പരിപാടിയില്‍ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സംവദിച്ചു.
പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് അംഗം ശാക്കിര്‍ ഇല്യാസ് ഖുര്‍ആന്‍ സന്ദേശം അവതരിപ്പിച്ചു. തുടര്‍ന്ന് യൂത്ത് ഇന്ത്യ പ്രസിഡന്റ് അയ്മന്‍ സഈദ് പരിപാടി ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റുമായ സുഹാസ് ചേപ്പലി 'Beyond the Top Line: The 5 Levers That Drive Your Profit' എന്ന വിഷയത്തില്‍ സംരംഭകരുമായി സംവദിച്ചു. വരുമാന വര്‍ധനവിനപ്പുറം ബിസിനസിന്റെ യഥാര്‍ഥ വളര്‍ച്ചയും ലാഭക്ഷമതയും എങ്ങനെ ഉറപ്പാക്കാം എന്നതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം ചെലവുകള്‍ നിയന്ത്രിക്കുക, ലാഭം മെച്ചപ്പെടുത്തുക, സാമ്പത്തിക കാര്യക്ഷമത ഉറപ്പാക്കുക, ദീര്‍ഘകാല ബിസിനസ് വളര്‍ച്ചയ്ക്കായി തന്ത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
'Win Any Market: We've Integrated Everything Your Business Needs' എന്ന വിഷയത്തില്‍ ആനലിറ്റിക്‌സ് സഹസ്ഥാപകന്‍ നിഷാദ് അബ്ദുറഹ്‌മാന്‍ സംസാരിച്ചു. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളില്‍ വിജയകരമായി മുന്നേറുന്നതിനും കടുത്ത മത്സരങ്ങള്‍ക്കിടയില്‍ ബിസിനസിന് വ്യക്തമായ സ്ഥാനം കണ്ടെത്തുന്നതിനും ആവശ്യമായ തന്ത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക, വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതികള്‍ രൂപപ്പെടുത്തുക, നൂതന ആശയങ്ങളിലൂടെയും കൃത്യമായ ബിസിനസ് തീരുമാനങ്ങളിലൂടെയും മത്സരക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
'I Am Listening' എന്ന വിഷയത്തില്‍ ലൈഫ് കോച്ച് സഫയര്‍ മുഹമ്മദ് സംസാരിച്ചു. ഫലപ്രദമായ ആശയവിനിമയത്തിലും വ്യക്തിബന്ധങ്ങളിലും ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതിനുള്ള പ്രാധാന്യമാണ് അദ്ദേഹം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ ആശയങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും വിശ്വാസപൂര്‍ണമായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും സജീവമായ ശ്രവണം (active listening) എങ്ങനെ സഹായിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യക്തിജീവിതത്തിലും ബിസിനസ് രംഗത്തും വിജയകരമായ ഇടപെടലുകള്‍ക്ക് കേള്‍വിയുടെ കഴിവ് നിര്‍ണായകമാണെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
സംരംഭകര്‍ക്ക് ബിസിനസ് വളര്‍ച്ചയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും പ്രായോഗികമായ അറിവുകളും പകര്‍ന്നുനല്‍കിയ കോണ്‍ക്ലേവ് പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
സമാപന പ്രസംഗം പ്രോഗ്രാം കണ്‍വീനര്‍ അബൂബക്കര്‍ നിര്‍വഹിച്ചു. റയ്യാന്‍ മൂസ, ഉനൈസ്, ത്വയ്യിബ്, നുമാന്‍, ഫഹ്‌മി, നവാഫ്, ബിനാന്‍, ഉബൈദ് മനാട്ടില്‍, റയ്യാന്‍ റസല്‍ എന്നിവര്‍ പരിപാടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Related News