റിയാദ്: യമനിലെ ഹൂത്തി വിമതരുടെ കേന്ദ്രങ്ങള് ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ശക്തമാക്കി. ഇതിനു പിന്നാലെ സൗദിയുടെ കിഴക്കന് നഗരമായ ദഹ്റാനിലെ സൗദി അരാംകോയുടെ ഭരണകാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില് തീപിടിത്തമുണ്ടായി. ആളപായമോ പരിക്കുകളോ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഊര്ജ മന്ത്രാലയം അറിയിച്ചു.
സൗദിയിലെ എണ്ണസംവിധാനങ്ങളും വിമാനത്താവളങ്ങളും നിയമാനുസൃത ലക്ഷ്യങ്ങളാണെന്ന് വിശേഷിപ്പിച്ച് ഹൂത്തികള് മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് അരാംകോ കെട്ടിടത്തില് തീപിടിത്തമുണ്ടായത്.
ആക്രമണത്തിന്റെ കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.
യമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള ഊര്ജ ടെര്മിനലുകളും ഇന്ധനസംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തി. സാധാരണക്കാര്ക്ക് നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന് മുന്കരുതലുകള് സ്വീകരിച്ചിരുന്നുവെന്ന് സഖ്യസേനാ വക്താവ് തുര്ക്കി അല് മാലികി അറിയിച്ചു. ആക്രമണങ്ങള് മേഖലയിലെ സംഘര്ഷം കൂടുതല് രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്.
യമനിലെ തായിസ് നഗരത്തില് ഹൂത്തികളുടെ ഉപരോധം ഭക്ഷ്യവിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോര്ട്ടുണ്ട്. റോഡുകള് തടസ്സപ്പെട്ടതോടെ ഭക്ഷണവും ഇന്ധനവും എത്തിക്കുന്നതില് പ്രതിസന്ധി നേരിടുകയാണ്. ഗോതമ്പിന്റെയും മാവിന്റെയും ശേഖരം മൂന്നാഴ്ചയ്ക്കുള്ളില് തീര്ന്നേക്കാമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വിലക്കയറ്റവും ഇന്ധനക്ഷാമവും സാധാരണക്കാരുടെ ജീവിതം കൂടുതല് ദുഷ്കരമാക്കുന്നു.
അതിനിടെ, ഇറാനില് അമേരിക്ക നടത്തിയ ആക്രമണങ്ങളില് സാധാരണക്കാര് കൊല്ലപ്പെട്ട സംഭവങ്ങളില് വിശദീകരണം ആവശ്യപ്പെട്ട് 77 യുഎസ് കോണ്ഗ്രസ് അംഗങ്ങള് പെന്റഗണിനെ സമീപിച്ചു.
സെപ്റ്റംബര് ഒന്നിന് കുഹെസ്താക്കില് നടന്ന ആക്രമണത്തില് കുട്ടികളടക്കം അഞ്ച് പേര് കൊല്ലപ്പെട്ട സംഭവവും ഫെബ്രുവരി 28ന് മിനാബിലെ സ്കൂളിലുണ്ടായ ആക്രമണവും അവര് ചൂണ്ടിക്കാട്ടി. സംഭവങ്ങളില് അന്വേഷണം, സിവിലിയന് സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹോര്മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച ഇറാന്റെ അവകാശവാദം യുഎസ് മധ്യകിഴക്കന് സൈനിക കമാന്ഡ് തള്ളി. കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല് ഗതാഗതം സുരക്ഷിതമാക്കാന് അമേരിക്കയും സഖ്യ രാജ്യങ്ങളും പ്രവര്ത്തിക്കുന്നുണ്ടെന്നും കമാന്ഡ് വ്യക്തമാക്കി.
Related News