റിയാദ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമുന്നയിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി റിയാദ് ഒഐസിസി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥികളും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബത്ഹ സബര്‍മതിയില്‍ നേതാക്കളും പ്രവര്‍ത്തകരും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധ വലയം തീര്‍ത്തു.
ജനാധിപത്യ മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്രമായ പ്രവര്‍ത്തനവും ഉറപ്പാക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രസംഗകര്‍ ആവശ്യപ്പെട്ടു.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, നൗഫല്‍ പാലക്കാടന്‍, ബാലു കുട്ടന്‍, സക്കീര്‍ ദാനത്ത്, ഹക്കീം പട്ടാമ്പി, അഷ്റഫ് മേച്ചേരി, നാദിര്‍ഷാ റഹ്‌മാന്‍, ബഷീര്‍ കോട്ടക്കല്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, ഒമര്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു.
നാസര്‍ മാവൂര്‍, മൊയ്തീന്‍ മണ്ണാര്‍ക്കാട്, മജു സിവില്‍ സ്റ്റേഷന്‍, സൈനുദ്ദീന്‍ വല്ലപ്പുഴ, റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, ഷിബു ഉസ്മാന്‍, ഷംസീര്‍ പാലക്കാട്, സിദ്ദീഖ് പന്നിയങ്കര, ഷമീര്‍ ബാബു മാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
Related News