ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷന്റെ നടപടികളില്‍ പ്രതിഷേധിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ചെറുപ്പക്കാരായ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
റോഡരികിലെ ഇരുമ്പ് വേലിക്ക് സമീപം നടന്ന കൈയേറ്റത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ ഒരു ആണ്‍കുട്ടിയെ തള്ളുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. തൊട്ടടുത്ത്, മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വേലിയിലേക്ക് ചേര്‍ത്തു നിര്‍ത്തി തുടര്‍ച്ചയായി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
വേലിയില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലേക്ക് ഓടാന്‍ ശ്രമിച്ച കുട്ടിയുടെ ടീ-ഷര്‍ട്ടില്‍ പിടിച്ച് ഒരാള്‍ നിലത്തേക്ക് വലിച്ചിടുന്നത് വീഡിയോയിലുണ്ട്. തുടര്‍ന്ന് വെള്ള ഷര്‍ട്ട് ധരിച്ചയാളും ഇയാള്‍ക്കൊപ്പം ചേരുകയും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് തുടരുകയും ചെയ്തു.
മര്‍ദ്ദനത്തിനിടയില്‍, വെള്ള ഷര്‍ട്ട് ധരിച്ചയാള്‍ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയെങ്കിലും, പോലീസുകാരന്റെ സാന്നിധ്യത്തിലും അയാള്‍ പ്രതിഷേധക്കാരെ വീണ്ടും മര്‍ദ്ദിക്കുന്നത് തുടരുകയായിരുന്നു.
ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പരാതി ലഭിച്ചിരുന്നില്ലെന്നും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ ഡല്‍ഹി പോലീസിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തുകയായിരുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി ആരോപിച്ചു.
വീഡിയോ ദൃശ്യങ്ങള്‍ 'തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന്' വിശേഷിപ്പിച്ച സി.ജെ.പി, സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെയും ചോദ്യം ചെയ്തു.
'ഡല്‍ഹി പോലീസിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഗുണ്ടകള്‍ ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയാണ്, ഇതിനിടയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടയാന്‍ പോലീസുകാരന്‍ ശ്രമിക്കുന്നതും കാണാം.' സി.ജെ.പി
സമാധാനപരമായി പ്രതിഷേധിച്ചവരെ സംരക്ഷിക്കുന്നതിന് പകരം ആക്രമണം നടത്തിയവരെ സഹായിക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്തതെന്നും സി.ജെ.പി ആരോപിച്ചു.
എന്നാല്‍ ആക്രമണത്തിന് ഇരയായത് ഒരു ആണ്‍കുട്ടിയാണെന്ന് ഡല്‍ഹി പോലീസ് പിന്നീട് വ്യക്തമാക്കി. പ്രതികളായ നാലുപേര്‍ക്കെതിരെയും ആവശ്യമായ നിയമനടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
'സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ കമല മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ അതിവേഗം ഇടപെടുകയും സ്വമേധയാ കേസ് എടുത്ത് നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്,' -ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Related News