ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ തടങ്കലില്‍ നിന്ന് മോചിതനായതിന് ശേഷം നല്‍കിയ ആദ്യ പ്രതികരണത്തില്‍, തന്നെ പോലീസ് തടഞ്ഞുവെക്കുകയല്ല ചെയ്തതെന്നും പകരം 'തട്ടിക്കൊണ്ടുപോകുകയായിരുന്നു' എന്നും പ്രമുഖ യൂട്യൂബര്‍ ധ്രുവ് രാഠി.
'ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ എന്റെ സ്വന്തം വീട്ടില്‍ നിന്ന് എന്നെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ ഗുണ്ടകളെ അയക്കുകയായിരുന്നു,' ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അദ്ദേഹം ആരോപിച്ചു.
'എന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വെക്കുകയോ അല്ല ചെയ്തത്, എന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഇതാണ് പൂര്‍ണ്ണ കഥ...'
ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച 'ജന്തര്‍ മന്ദിര്‍ 2.0' പ്രതിഷേധത്തില്‍ പങ്കെടുക്കാനിരിക്കെ, ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് ഗുരുഗ്രാമിലെ വീട്ടില്‍ നിന്ന് ഡല്‍ഹി പോലീസ് രാഠിയെ കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം, തടങ്കലില്‍ കഴിഞ്ഞ സമയത്ത് പിന്തുണ നല്‍കിയ എല്ലാ അനുഭാവിക്കും നന്ദി അറിയിച്ചു.
തന്റെ പൗരത്വത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ധ്രുവ് രാഠി വ്യക്തത വരുത്തി.
തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ക്യാമറയ്ക്ക് മുന്നില്‍ കാണിച്ചുകൊണ്ട്, തന്റെ പൗരത്വത്തെപ്പറ്റി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
'ഇതാ എന്റെ പാസ്പോര്‍ട്ട്. ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാണ്, പൗരനായിരുന്നു, ഇനിയും ഇന്ത്യന്‍ പൗരനായി തന്നെ തുടരും,' അദ്ദേഹം പറഞ്ഞു.
സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് തടയാനും തന്റെ തടങ്കലിനെ ന്യായീകരിക്കാനും ലക്ഷ്യമിട്ട് പ്രചരിപ്പിച്ച 'പച്ചക്കള്ളങ്ങളെ' അദ്ദേഹം തള്ളി. താന്‍ വിദേശ പാസ്പോര്‍ട്ട് ഉടമയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും, ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഏതൊരു സാധാരണ പൗരനെയും പോലെ തനിക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തടങ്കലിലാക്കപ്പെട്ട സംഭവത്തെക്കുറിച്ച് വിവരിക്കവേ, ശനിയാഴ്ച രാവിലെ ഏഴുമണിയോടെ സാധാരണ വേഷത്തിലെത്തിയ ഇരുപതോളം പേര്‍ തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാണെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ അവര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് അദ്ദേഹം ആരോപിച്ചു.
തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയെന്നും ഏകദേശം 22 മുതല്‍ 23 മണിക്കൂര്‍ വരെ അഭിഭാഷകനെ കാണാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ലെന്നും ധ്രുവ് രാഠി ആരോപിച്ചു. കിടപ്പുമുറിയില്‍നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോകുന്നതിനിടെ തനിക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അദ്ദേഹത്തെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
നിരോധാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജന്തര്‍ മന്ദിറിലേക്ക് പോകാന്‍ വീണ്ടും ശ്രമിച്ചാല്‍ രാഠിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളിലെ അഴിമതി ആരോപിച്ചുകൊണ്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദിറിലേക്ക് എത്തുന്നത് തടയാന്‍ ഡല്‍ഹിയിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
Related News