ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നേതൃത്വം. ജയില്‍ മോചിതരായതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ നേതാക്കള്‍ കടുപ്പിച്ച ഭാഷയില്‍ സംസാരിച്ചത്. ഇത്രയധികം ഭയം ബാധിച്ച മറ്റൊരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ലെന്നും സ്വന്തം ജനങ്ങളോടും ഭരണഘടനാ അവകാശങ്ങളോടും മോദി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സി.ജെ.പി. ആരോപിച്ചു.
വിമാനത്തില്‍നിന്ന് തങ്ങളെ പോലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സി.ജെ.പി. വക്താവ് അശുതോഷ് റാങ്കയും സഹ-കണ്‍വീനര്‍ സൗരവ് ദാസും ആരോപിച്ചു. വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ എയര്‍ക്രാഫ്റ്റിനുള്ളില്‍ കയറി അഭിജീത് ദിപ്‌കെ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണ്. സാധാരണ അറസ്റ്റല്ല, തട്ടിക്കൊണ്ടുപോകലിന് സമാനമായ രീതിയിലാണ് പോലീസ് പെരുമാറിയത്.
മുത്തശ്ശി മരിച്ച വിവരം അറിയിച്ചിട്ടും അഭിജീത് ദിപ്കെയോട് പോലീസ് ക്രൂരമായി പെരുമാറി. ഫോണുകളും ക്യാമറയും ഓണാക്കിവെച്ച് മാതാപിതാക്കളോട് പോലും സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് അശുതോഷ് റാങ്ക പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. പ്രസ് കാര്‍ഡ് കാണിച്ച വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം തടഞ്ഞുവെക്കുകയും ഫോണുകള്‍ പിടിച്ചെടുത്ത് ഹാക്ക് ചെയ്യുകയും ചെയ്തതായി സൗരവ് ദാസ് ചൂണ്ടിക്കാട്ടി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ പോരാട്ടം തുടരും
രാജ്യത്ത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചത്. ബി.ജെ.പിയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥ ദേശവിരുദ്ധനാണ് ഗ്യാനേഷ് കുമാര്‍. അദ്ദേഹത്തിന്റെ രാജി വരെ സമരം തുടരുമെന്നും, ഗ്യാനേഷിനെതിരായ പോരാട്ടത്തെ കേന്ദ്രം സര്‍ക്കാരിനെതിരായ പോരാട്ടമാക്കി മാറ്റിയെന്നും നേതാക്കള്‍ വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ക്കെതിരെ പോലും തിരിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സിഖ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ജനാധിപത്യ പ്രക്ഷോഭങ്ങളെ നേരിടാന്‍ തലസ്ഥാനത്തെ സൈനിക താവളത്തിന് സമാനമാക്കിയതില്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലജ്ജിക്കണമെന്നും സി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ കീഴ്പ്പെട്ടിരിക്കുകയാണെങ്കിലും, സ്വതന്ത്രമായി ചിന്തിക്കുന്ന ജനങ്ങളെയും മാധ്യമങ്ങളെയും ഭയപ്പെടുത്തുന്ന ഈ ഭരണകൂടത്തിന്റെ അന്ത്യം വളരെ അടുത്തെത്തിക്കഴിഞ്ഞെന്നും തുടര്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
Related News