ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി സി.ജെ.പി.യും ഇടതുപക്ഷ സംഘടനകളുമുള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ ആരോപിച്ചു. വിവിധ സംഘടനകളില്‍നിന്നും വിദ്യാര്‍ഥി കൂട്ടായ്മകളില്‍നിന്നുമായി കുറഞ്ഞത് 10,000 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സി.ജെ.പി.യുടെ ആരോപണം.
സംഘടനയുടെ സഹചുമതലക്കാരനായ ദീപക് ബലിയാനെ രാജസ്ഥാനില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പൂനെയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഒരു സംഘം വിദ്യാര്‍ഥികളെയും പിടികൂടിയതായി സംഘടന ആരോപിച്ചു. ഇവരെ ഒരു ബസില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം.
പ്രവര്‍ത്തകരെ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നതായി കാണിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്സില്‍ പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സി.ജെ.പി. പ്രവര്‍ത്തകര്‍ക്കു പുറമേ വിദ്യാര്‍ഥി സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പങ്കുചേരുമെന്നാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.ക്ക് അനുകൂലമായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെന്ന ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തകളോട് സി.ജെ.പി. സ്ഥാപകന്‍ അഭിജീത് ദീപ്കെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതിനെക്കാള്‍ ഭേദം അടിയന്തരാവസ്ഥ പ്രഖ്യാപിക്കലാണെന്ന് ദീപ്കെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
വോട്ടര്‍പട്ടികയുടെ പ്രത്യേക പരിഷ്‌കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് 13 കോടിയിലധികം പേരുകളാണ് നീക്കം ചെയ്തത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നത് ഏകദേശം 96.9 കോടി പേര്‍ക്കായിരുന്നു.
Related News