ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധക്കൊടുങ്കാറ്റില്‍ ഉലയുന്ന ഇലക്ഷന്‍ കമ്മീഷന്‍ കനത്ത പ്രതിസന്ധിയില്‍. പ്രതിപക്ഷ എം.പിമാരുടെ പ്രതിനിധിസംഘത്തെ കാണാന്‍ കമ്മിഷന്‍ തയാറായിരുന്നുവെന്നും എന്നാല്‍ പാര്‍ലമെന്റ് ഹൗസ് അനക്‌സില്‍ വെച്ച് കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം പ്രോട്ടോക്കോളിന് വിരുദ്ധമായതിനാല്‍ അംഗീകരിക്കാനായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. എം.പിമാരുടെ പരാതി സ്വീകരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അയക്കാമെന്നും കമ്മീഷന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിവരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അവരുടെ പ്രതിനിധിയോ കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.
നാല് മണിയോടെ ഡല്‍ഹി പൊലീസാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പിമാരുടെ സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനും നിവേദനം സമര്‍പ്പിക്കാനും ആഗ്രഹിക്കുന്നതായി അറിയിച്ചതെന്ന് കമ്മിഷന്‍ വ്യക്തമാക്കി. പിന്നീട് ലഭിച്ച വിവരമനുസരിച്ച് 240 എം.പിമാര്‍ അടങ്ങുന്ന സംഘത്തിന് പാര്‍ലമെന്റ് ഹൗസ് അനക്‌സില്‍ വെച്ച് മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെയും കാണണമെന്നായിരുന്നു ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പതിവ് പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രീയ പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ച കമ്മിഷന്‍ ആസ്ഥാനത്താണ് നടക്കാറുള്ളത്. അതിനാല്‍ പാര്‍ലമെന്റ് അനക്‌സിലെ കൂടിക്കാഴ്ചയ്ക്കുള്ള ആവശ്യം നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗീകരിക്കാനായില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
എങ്കിലും പ്രതിപക്ഷത്തിന്റെ നിവേദനം സ്വീകരിക്കുന്നതിനായി ഏറ്റവും മുതിര്‍ന്ന ഡ്യൂട്ടി ഉദ്യോഗസ്ഥനെ പാര്‍ലമെന്റ് അനക്‌സിലേക്ക് അയയ്ക്കാമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശവും എം.പിമാര്‍ നിരസിച്ചുവെന്നാണ് കമ്മീഷന്റെ വിശദീകരണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏത് സമയത്തും തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടാമെന്നും പരസ്പരം ധാരണയിലെത്തിയ സമയത്താണ് സാധാരണ കൂടിക്കാഴ്ച നടത്തുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2025ല്‍ നിശ്ചയിച്ച നടപടിക്രമം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചിട്ടുണ്ടെന്നും ഇ.സി.ഐ പറഞ്ഞു.
വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിയെന്ന ആരോപണം ഉന്നയിച്ചാണ് ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. മണിക്കൂറുകളോളം നീണ്ട ധര്‍ണയ്ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച സംബന്ധിച്ച തര്‍ക്കം ശക്തമായത്.
Related News