ന്യൂദല്‍ഹി- മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യാ സഖ്യ നേതാക്കള്‍ ദല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധം തെരുവില്‍ സംഘര്‍ഷഭരിതമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേര, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഓബ്രിയന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചുമായി എത്തിയ പ്രതിപക്ഷ എംപിമാരെ പോലീസ് തടയുകയായിരുന്നു.
മാര്‍ച്ച് തടയാനായി ദല്‍ഹി പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ക്ക് മുകളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കയറി പ്രതിഷേധിച്ചത് പ്രവര്‍ത്തകര്‍ക്ക് വന്‍ ആവേശമായി. 'ഗ്യാനേഷ്, ഇറ്റ്‌സ് ഡണ്‍ ബ്രോ... രാജിവയ്‌ക്കേണ്ട സമയമായി' എന്ന പ്ലക്കാര്‍ഡേന്തിയാണ് രാഹുല്‍ ഗാന്ധി പ്രതിഷേധത്തില്‍ പങ്കെടുത്തത്. സുരക്ഷാ സേനയുമായുള്ള വാഗ്വാദത്തിന് പിന്നാലെ റോഡില്‍ ധര്‍ണ്ണയിരുന്ന നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബസുകളില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ന്യൂദല്‍ഹിയിലുടനീളം സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ്റിനാല്‍പ്പതോളം എംപിമാര്‍ പങ്കെടുക്കാനെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രധാന കവാടത്തിന് മുന്നിലും ജന്തര്‍ മന്തറിന് ചുറ്റും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ആളുകള്‍ കൂട്ടംകൂടുന്നത് പോലീസ് പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 2 മുതല്‍ ദല്‍ഹിയില്‍ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പോലീസ് ഇതുവരെ ഒന്‍പതോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനുമായി 18 പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തു. നവംബര്‍ ഒന്നിന് ദല്‍ഹിയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും ഇന്ത്യാ സഖ്യം തീരുമാനിച്ചിട്ടുണ്ട്.
Related News