ന്യൂദല്‍ഹി: ദല്‍ഹി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പുതിയ കരുത്തായി മൂന്ന് പ്രമുഖര്‍; ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ ദേശീയ വക്താവ് പ്രിയങ്ക കക്കര്‍, മുന്‍ ഉത്തര്‍പ്രദേശ് എംഎല്‍എ ശ്യാം സുന്ദര്‍ ശര്‍മ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജത് രാകേഷ് ടണ്ടന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് നടന്ന ചടങ്ങിലാണ് മൂവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവേശനം.
ദല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക കക്കറിന്റെ കോണ്‍ഗ്രസ് പ്രവേശനം ശ്രദ്ധേയമാകുന്നത്. ഒരു ദശാബ്ദത്തിലേറെ നീണ്ട രാഷ്ട്രീയ അനുഭവത്തിനുശേഷമാണ് കോണ്‍ഗ്രസാണ് രാജ്യതലസ്ഥാനത്തിന് ശുദ്ധവും ഹരിതവും പുരോഗമനപരവും സുരക്ഷിതവുമായ ഭാവി നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയെന്ന നിഗമനത്തിലെത്തിയതെന്ന് അവര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിശ്വാസ്യതയുള്ള നേതാവെന്ന് വിശേഷിപ്പിച്ച കക്കര്‍, എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി. വോട്ടുകള്‍ ഭിന്നിക്കാതിരിക്കേണ്ടതുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തിലും ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നതിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
മുന്‍ യു.പി എംഎല്‍എ ശ്യാം സുന്ദര്‍ ശര്‍മയും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പ്രശംസിച്ചു. മനുഷ്യകേന്ദ്രീകൃത രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെന്ന് അവകാശപ്പെട്ട അദ്ദേഹം, ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും പകരം മനുഷ്യനന്മയ്ക്കാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനി പുരുഷോത്തം ദാസ് ടണ്ടന്റെ കുടുംബാംഗമായ രജത് രാകേഷ് ടണ്ടന് രണ്ട് പതിറ്റാണ്ടിലേറെ മാധ്യമപ്രവര്‍ത്തന പരിചയമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പൊതുജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന പാര്‍ട്ടിയാണെന്ന ബോധ്യമാണ് അംഗത്വത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ രാഹുല്‍ ഗാന്ധി നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും ടണ്ടന്‍ വ്യക്തമാക്കി.
മൂവരുടെയും വരവിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എ.എ.പി രാഷ്ട്രീയമായി ദുര്‍ബലപ്പെടുകയാണെന്നും പഞ്ചാബില്‍ പാര്‍ട്ടി അസ്തിത്വ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന് കോണ്‍ഗ്രസാണ് പ്രധാന വേദിയെന്നും അദ്ദേഹം പറഞ്ഞു.
Related News