മുംബൈ: തിരഞ്ഞെടുപ്പ് കമ്മിഷനും ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ അണിചേര്‍ന്ന് പ്രമുഖര്‍. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ചും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്രപരിഷ്‌കരണമായ എസ്.ഐ.ആര്‍ നടപടിക്കെതിരെയും മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ സെലിബ്രിറ്റികള്‍ അണിചേര്‍ന്നു.
പൊലീസ് അനുമതി നല്‍കിയിരുന്നില്ലെങ്കിലും ദാദറിലെ ശിവാജി പാര്‍ക്കിന്റെ കവാടത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ത്രിവര്‍ണ പതാകകളുമായി ഒത്തുകൂടി. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഗ്യാനേഷ്, ഇറ്റ്സ് ഡണ്‍, ബ്രോ' എന്ന മുദ്രാവാക്യവും പ്രതിഷേധക്കാര്‍ മുഴക്കി. കോക്ക്രോച്ച് ജനതാ പാര്‍ട്ടി കണ്‍വീനര്‍മാരായ അഭിജീത് ദിപ്കെ, ആശുതോഷ് റങ്ക, സൗരവ് ദാസ്, നിയമകാര്യ വിഭാഗം മേധാവി രത്ന സിങ് എന്നിവര്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.
സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടി ശബാന ആസ്മി, നസ്റുദ്ദീന്‍ ഷാ, ഗായകന്‍ വിശാല്‍ ദദ്ലാനി തുടങ്ങിയവര്‍ സമരവേദിയിലെത്തിയത് പ്രതിഷേധത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു. ഗ്യാനേഷ് കുമാറിനെ മാറ്റിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്ഥാനമൊഴിയേണ്ടിവരുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. , തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ആവശ്യമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് പിന്നാലെ മുംബൈയിലും ആയിരങ്ങള്‍ തെരുവിലിറങ്ങിയത് തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം കൂടുതല്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നതിന്റെ സൂചനയായി.