തബൂക്ക്: ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനം തകരാതെ രക്ഷപ്പെട്ടതില്‍ ഹീറോ ആയത് ഇന്ത്യക്കാരനായ പൈലറ്റും ഒരു പ്ലംബറും. യാത്രക്കാരുടെയും ജീവനക്കാരുടെയും ധൈര്യപൂര്‍വമായ ഇടപെടലിലൂടെയാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിന്റെ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ധീരനെന്ന് വിശേഷിപ്പിച്ചു.
ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പോയ എദ1073 വിമാനത്തില്‍ 174 യാത്രക്കാര്‍ ഉണ്ടായിരുന്നു. സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരിക്കേറ്റത് വകവെക്കാതെ മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറന്നതാണ് യാത്രക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇടപെടാന്‍ അവസരമൊരുക്കിയത്. അതോടെയാണ് കോക്പിറ്റിനകത്ത്് പ്രവേശിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നാണ് സൂചന.
അതിനിടെ വിമാനം അതിവേഗം താഴേക്ക് പതിച്ചതോടെ യാത്രക്കാരില്‍ പരിഭ്രാന്തി പടര്‍ന്നു. കോക്പിറ്റിലെത്തിയ യാത്രക്കാര്‍ ആക്രമണകാരിയെ കീഴടക്കുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റ് ഫ്‌ലൈദുബായ് പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി.
വിമാനം നിയന്ത്രിക്കാന്‍ സഹായിച്ചവരില്‍ ഇസ്രയേലി യാത്രക്കാരനായ യാനിവ് ഹയൂണും ഉണ്ടായിരുന്നു. ട്രംപിന്റെ വിശദീകരണമനുസരിച്ച് ഹയൂണ്‍ ഒരു പ്ലംബറാണ്; വിമാനമോടിച്ച പരിചയമില്ലാതിരുന്നിട്ടും അടിയന്തര ഘട്ടത്തില്‍ കോക്പിറ്റിലെത്തി അദ്ദേഹം നിയന്ത്രണം സ്ഥിരപ്പെടുത്താന്‍ സഹായിച്ചു. വിമാനാപകടങ്ങളെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടിയില്‍നിന്ന് ലഭിച്ച അടിസ്ഥാന ധാരണയാണ് സഹായമായതെന്നും ട്രംപ് പറഞ്ഞു.
മുംബൈ സ്വദേശിയായ സ്മിത് മച്ചാര്‍ 2022 മുതല്‍ ഫ്‌ലൈദുബായില്‍ ക്യാപ്റ്റനാണ്. അതിന് മുമ്പ് സ്‌പൈസ്‌ജെറ്റില്‍ 11 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം ഏകദേശം 9,750 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളാണ്. നിലവില്‍ സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമാണെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്.
Related News