ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ശശി തരൂര്‍ എം.പിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ നര്‍മത്തില്‍ പൊതിഞ്ഞ കുത്തുവാക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാവ് ശശി തരൂരും തമ്മില്‍ കൊമ്പുകോര്‍ത്തത്. പലപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ തരൂര്‍ സ്വീകരിച്ചത് ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും അദ്ദേഹം തയാറായിരുന്നു.
വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന നടപടിക്കെതിരെ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രതിഷേധം സംഘടിപ്പിക്കണമെന്ന നിര്‍ദേശം തരൂര്‍ മുന്നോട്ടുവച്ചിരുന്നു. ഇതിനോട് ഖാര്‍ഗെ പ്രതികരിക്കുകയായിരുന്നു. ഉപദേശങ്ങളും നിര്‍ദേശങ്ങളും ലേഖനങ്ങളും വാര്‍ത്താ തലക്കെട്ടുകളും മാത്രം മതിയോ, പ്രവര്‍ത്തിക്കാന്‍ കൂടെയുണ്ടാവുമോ എന്നാണ് പരിഹാസരൂപത്തില്‍ തരൂരിനോട് ഖാര്‍ഗെ ചോദിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചാല്‍ അതില്‍ താങ്കള്‍ പങ്കെടുക്കുമോ? അതോ താങ്കളുടെ അഭിപ്രായങ്ങള്‍ പത്രലേഖനങ്ങളിലോ സോഷ്യല്‍ മീഡിയയിലോ മാത്രമേ കാണാനാകൂ? എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം്.
വിഷയത്തില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ഒക്ടോബര്‍ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ഇന്‍ഡ്യാ സഖ്യ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. എസ്.ഐ.ആര്‍ നടപടിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങള്‍ പതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
വോട്ടര്‍പട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലെ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് കൂടുതല്‍ ശക്തി പകര്‍ന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഉത്തരവുകളിലും 14 തവണ എതിര്‍പ്പ് ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫോം 6ലെ മാറ്റങ്ങള്‍, വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യല്‍, തിരഞ്ഞെടുപ്പ് ഡാറ്റാബേസിലേക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും അഭിപ്രായവ്യത്യാസമെന്നാണ് റിപ്പോര്‍ട്ട്.
Related News