ദമ്മാം: ''ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും'' എന്ന പ്രമേയത്തില്‍ സൗദി അറേബ്യയിലെ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ത്രൈമാസ ദേശീയ ക്യാമ്പയിന്റെ ഈസ്റ്റേണ്‍ പ്രോവിന്‍സ് പ്രചരണോദ്ഘാടനം ജുബൈല്‍, ദമ്മാം, ഖോബാര്‍ ഇസ്ലാഹി സെന്ററുകളിലെ ഓഡിറ്റോറിയങ്ങളില്‍ നടന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശവും നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും ചിന്തയുടെയും ആത്മപരിവര്‍ത്തനത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ, റീജിയണല്‍, ഇസ്ലാഹി സെന്റര്‍ തലങ്ങളില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും അറുപതോളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍, പ്രൊഫഷണലുകള്‍, ഡ്രൈവര്‍മാര്‍, കുടുംബങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കായി ക്വിസ്, പഠന ക്ലാസുകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍, കരിയര്‍ ഗൈഡന്‍സ്, സി.പി.ആര്‍ (ഇജഞ) പരിശീലനം, യൂത്ത് സമ്മിറ്റ്, 'ആന്‍ ഈവനിംഗ് വിത്ത് പീസ് റേഡിയോ' തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ ക്യാമ്പയിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍, പ്രഭാഷണങ്ങള്‍, വൈജ്ഞാനിക സംവാദങ്ങള്‍, കുടുംബസംഗമങ്ങള്‍, യുവജനവിദ്യാര്‍ത്ഥി കേന്ദ്രീകൃത പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഡ്രൈവര്‍മാര്‍ക്കായി 'ചലനം ഡ്രൈവേഴ്‌സ് മീറ്റ്', വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, കലാകായിക പരിപാടികള്‍, വനിതകള്‍ക്കായി 'ലേഡീസ് മീറ്റ്', 'എലിവേറ്റ് ഹെര്‍ ഗേള്‍സ് ഗാതറിങ്', യുവാക്കള്‍ക്കായി 'യൂത്ത് സമ്മിറ്റ്', 'യൂത്ത് ഡിബേറ്റ്', 'യൂത്ത് ക്യാമ്പ്', പ്രൊഫഷണലുകള്‍ക്കായി 'ഫോക്കസ് പ്രൊഫഷണല്‍ മീറ്റ്', കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍, പീസ് റേഡിയോ പരിപാടികള്‍ തുടങ്ങിയവയും പദ്ധതിയിലുണ്ട്.
ഈസ്റ്റേണ്‍ പ്രോവിന്‍സിലെ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം സെപ്റ്റംബര്‍ 18-ന് ജുബൈല്‍ ദഅ്വാ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന് ഒരുപോലെ പങ്കാളികളാകാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പയിന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Related News