ദുബായ്: ഓണാഘോഷത്തിനായി നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിലുള്ള കുടുംബത്തെ കാണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദാരുണ സംഭവം. ദുബായില്‍ ബില്‍ഡിങ് ആക്‌സസ് സൊല്യൂഷന്‍സ് കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തിരുന്ന സനീഷ് ബാബു (48) ആണ് മരിച്ചത്.
ദുബായില്‍ നിന്നും ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കുന്നതിനിടെ സനീഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി സനീഷ് ഒരു മാസത്തെ അവധിയിലാണ് നാട്ടിലേക്ക് പുറപ്പെട്ടിരുന്നതെന്ന് ബന്ധു പറഞ്ഞു. സന്തോഷകരമായ ഒത്തുചേരലിന് പകരം വിമാനത്താവളത്തില്‍ നിന്നുള്ള മരണവാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു സനീഷ്. മാതാപിതാക്കളും ഭാര്യയും മകളുമടങ്ങുന്നതാണ് സനീഷിന്റെ കുടുംബം. എല്ലാവരും കേരളത്തിലാണ് താമസിക്കുന്നത്.
Related News