റിയാദ്: 2026-27 സീസണിലെ ക്ലബ്ബ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ സൗദി പ്രോ ലീഗ് (SPL) ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ കമ്മിറ്റി ഔദ്യോഗികമായി നടപ്പിലാക്കി. ഒരു വര്‍ഷം മുമ്പ് തന്നെ ക്ലബ്ബുകള്‍ക്ക് ഇതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും നടപ്പാക്കുന്ന വിധവും കൈമാറിയിരുന്നു. പുതിയ നിയമപ്രകാരം ഒന്നാം നിര ടീമിനായി ക്ലബ്ബുകള്‍ നടത്തുന്ന ചെലവ് മൊത്തം വരുമാനത്തിന്റെ 75 ശതമാനത്തില്‍ കവിയാന്‍ പാടില്ല. ബാക്കി വരുന്ന 25 ശതമാനം തുക യുവനിരയുടെ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി മാറ്റിവെക്കണം.
കഴിഞ്ഞ സീസണില്‍ സൗദി പ്രോ ലീഗ് അംഗീകരിച്ച മൂന്ന് പ്രധാന സാമ്പത്തിക ചട്ടങ്ങളില്‍ ഒന്നാണിത്. സാമ്പത്തിക കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ അന്ന് തന്നെ നടപ്പിലാക്കാന്‍ തുടങ്ങിയെങ്കിലും, ക്ലബ്ബുകളുടെ ചെലവ് നിയന്ത്രിക്കല്‍, നഷ്ടം കുറയ്ക്കല്‍ തുടങ്ങിയ വകുപ്പുകളുടെ നടപ്പാക്കല്‍ അന്ന് മാറ്റിവെക്കുകയായിരുന്നു.
ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ കമ്മിറ്റി നവംബറില്‍ ക്ലബ്ബുകളില്‍ നിന്ന് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കും. തുടര്‍ന്ന് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ശന ഓഡിറ്റിങ് നടത്തും. 2026 ലെ വേനല്‍ക്കാലത്ത് ചെലവ് നിയന്ത്രണ വ്യവസ്ഥ നടപ്പിലാക്കുമെന്ന് ഔദ്യോഗിക കത്തിലൂടെ ക്ലബ്ബുകളെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്ലബ്ബ് പ്രതിനിധികള്‍ക്കായി പ്രത്യേക പരിശീലന വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു.
ഒരു സീസണില്‍ ഓരോ ക്ലബ്ബും രണ്ട് സാമ്പത്തിക റിപ്പോര്‍ട്ടുകളാണ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടത്. കളിക്കാരുടെയും പരിശീലകരുടെയും കരാറുകള്‍ ഉള്‍പ്പെടെയുള്ള ഒന്നാം നിര ടീമിന്റെ ചെലവുകളും 75 ശതമാനത്തിന്റെ പരിധിയില്‍ വരുന്ന പ്രതിബദ്ധതകളും ഇതില്‍ വ്യക്തമാക്കണം.
Related News