l o a d i n g

ഗൾഫ്

ആഗോള ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതം; ഒപെകില്‍നിന്നുള്ള യു.എ.ഇയുടെ പിന്‍മാറ്റത്തിനു പിന്നിലെന്ത്?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2026

അബുദാബി: എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ 'ഒപെകില്‍' (OPEC) നിന്നുള്ള യുഎഇയുടെ അപ്രതീക്ഷിത പിന്മാറ്റം ആഗോള ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും. 1971-ല്‍ രാജ്യം രൂപീകൃതമാകുന്നതിനും മുന്‍പേ തുടങ്ങിയ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് യുഎഇ ഇപ്പോള്‍ അവസാനിപ്പിച്ചത്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഒപെകിലെ ഏറ്റവും നിര്‍ണ്ണായക ശക്തിയായ യുഎഇയുടെ ഈ നീക്കം സംഘടനയുടെ ഭാവി തന്നെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്.

ഒപെക് നിശ്ചയിക്കുന്ന ഉല്‍പ്പാദന നിയന്ത്രണങ്ങള്‍ തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുന്നു എന്ന വിലയിരുത്തലിലാണ് യുഎഇ. നിലവില്‍ പ്രതിദിനം 30-35 ലക്ഷം ബാരല്‍ എണ്ണ മാത്രമാണ് യുഎഇക്ക് ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദമുള്ളത്. എന്നാല്‍, ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ രാജ്യം ഇത് പ്രതിദിനം 50 ലക്ഷം ബാരലിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. നിയന്ത്രണങ്ങള്‍ കാരണം ലഭിക്കേണ്ട വരുമാനത്തില്‍ വലിയ നഷ്ടം സംഭവിക്കുന്നു എന്ന തിരിച്ചറിവാണ് ഈ കടുത്ത തീരുമാനത്തിലേക്ക് യുഎഇയെ നയിച്ചതെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ സംഘര്‍ഷവും മേഖലയിലെ നിലവിലെ അസ്ഥിരതയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അബുദാബിയിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്ക് പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ എണ്ണ നീക്കത്തിന് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അവര്‍ക്ക് സാധിക്കും.

ഒപെക് കൂട്ടായ്മയില്‍ തുടരുന്ന കാലമത്രയും സംഘടനയുടെ പൊതുനന്മയ്ക്കായി തങ്ങള്‍ വലിയ സംഭാവനകളും അതിലേറെ ത്യാഗങ്ങളും ചെയ്തിട്ടുണ്ടെന്ന് പിന്‍മാറ്റത്തിനു ശേഷം യുഎഇ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ഇനിമുതല്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന നല്‍കുകയെന്നും യുഎഇ നേതൃത്വം അറിയിച്ചു. മറ്റു രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയോ എന്ന ചോദ്യത്തിന്, യുഎഇ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി നല്‍കിയ മറുപടി ഇതൊരു നയപരമായ തീരുമാനമാണെന്നും മറ്റു രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ്. നിലവിലെയും ഭാവിയിലെയും ഉല്‍പ്പാദന നയങ്ങളെക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും ഉല്‍പ്പാദന നിയന്ത്രണങ്ങളില്‍ ഒറ്റക്കെട്ടായി നീങ്ങിയിരുന്ന ഒപെക്കിന് യുഎഇയുടെ വിടവാങ്ങല്‍ വലിയ തിരിച്ചടിയാകും. സംഘടനയ്ക്കുള്ളിലെ ഐക്യം ഇല്ലാതാകാനും എണ്ണവില നിയന്ത്രിക്കുന്നതില്‍ ഒപെക്കിനുള്ള കരുത്ത് ചോരാനും ഇത് കാരണമാകും. ലോകം എണ്ണയുഗത്തില്‍ നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം മാറുന്നത് എണ്ണയുടെ ഡിമാന്‍ഡ് ഭാവിയില്‍ കുറയ്ക്കും. ഡിമാന്‍ഡ് ഇടിയുന്നതിന് മുന്‍പ് തങ്ങളുടെ പക്കലുള്ള എണ്ണ വിറ്റഴിച്ച് പരമാവധി ലാഭമുണ്ടാക്കുക എന്ന തന്ത്രമാണ് യുഎഇ ഇപ്പോള്‍ പയറ്റുന്നത്. നിലവില്‍ എണ്ണവില ബാരലിന് 110 ഡോളറിന് അടുത്താണെങ്കിലും, വരും വര്‍ഷങ്ങളില്‍ ഇത് 50 ഡോളറിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. യുഎഇയുടെ പിന്മാറ്റം മറ്റു രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ഒപെക് എന്ന സംഘടനയുടെ പ്രസക്തി തന്നെ നഷ്ടമാകും.

അതേസമയം, ഒപെക്കിനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍പത്തെ പ്രസ്താവനകള്‍ ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എണ്ണവില അനാവശ്യമായി വര്‍ധിപ്പിച്ച് ഒപെക് ലോകത്തെ മുഴുവന്‍ 'കൊള്ളയടിക്കുകയാണെന്ന്' ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന സൈനിക പിന്തുണയെ എണ്ണവിലയുമായി ബന്ധിപ്പിച്ച ട്രംപ്, യുഎസ് സംരക്ഷണം നല്‍കുന്ന രാജ്യങ്ങള്‍ തന്നെ ഉയര്‍ന്ന എണ്ണവില ഈടാക്കി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമ്മര്‍ദ്ദങ്ങളും ആഗോള വിപണിയിലെ പുതിയ മാറ്റങ്ങളും യുഎഇയുടെ തീരുമാനത്തിന് പിന്നിലെ പ്രേരകശക്തികളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചുരുക്കത്തില്‍, കടലിടുക്കിലെ ഉപരോധങ്ങള്‍ നീങ്ങുകയും യുഎഇയുടെ എണ്ണ തടസ്സമില്ലാതെ വിപണിയിലെത്തുകയും ചെയ്താല്‍, ആഗോള ഊര്‍ജ്ജ രാഷ്ട്രീയത്തില്‍ അത് പുതിയൊരു ചരിത്രത്തിന് തുടക്കമിടും.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026