റിയാദ് - രാജ്യത്തെ വിതരണ ശൃംഖലകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി സൗദി റെയില്‍വേ അഞ്ച് പുതിയ ലോജിസ്റ്റിക് റൂട്ടുകള്‍ ആരംഭിച്ചു. റിയാദിലെ ഡ്രൈ പോര്‍ട്ടും ദമ്മാം, ജുബൈല്‍, റാസ് അല്‍-ഖൈര്‍, അല്‍-ഖര്‍ജ്, ഹായില്‍, അല്‍-ഖുറയ്യാത്ത് എന്നിവിടങ്ങളിലെ അഞ്ച് പ്രത്യേക യാര്‍ഡുകളും കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അറേബ്യന്‍ ഗള്‍ഫിലെ തുറമുഖങ്ങളെ രാജ്യത്തിന്റെ മധ്യ-ഉത്തര ഭാഗങ്ങളുമായും ചെങ്കടല്‍ തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന ഈ ശൃംഖല കര-റെയില്‍ ഗതാഗതത്തെ സംയോജിപ്പിക്കുന്ന ഒരു മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കാണ്.
വന്‍കിട വ്യവസായ സംരംഭങ്ങള്‍, ഖനന കമ്പനികള്‍, പ്രമുഖ ഷിപ്പിംഗ് ലൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ ഉപഭോക്തൃ ശൃംഖലക്ക് ഈ റൂട്ടുകള്‍ വേഗമേറിയതും വിശ്വസനീയവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നു. ചരക്ക് നീക്കത്തിന് എടുക്കുന്ന സമയം കുറയ്ക്കുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. കൂടാതെ, റോഡുകളില്‍നിന്ന് ആയിരക്കണക്കിന് ട്രക്ക് യാത്രകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതിലൂടെ ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
പ്രാദേശികവും അന്തര്‍ദേശീയവുമായ വിപണികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക് ഇടനാഴിയായി സൗദിയെ മാറ്റുന്നതിനുമാണ് ഈ പദ്ധതികള്‍ സഹായിക്കുന്നതെന്ന് എസ്.എ.ആര്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ ജാസര്‍ വിശദീകരിച്ചു. വിവിധ ഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിലൂടെ വിതരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനാണ് ഈ സമഗ്ര പാക്കേജ് ലക്ഷ്യമിടുന്നത്. ലോകോത്തര ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം ആഗോള വ്യാപാര ഭൂപടത്തില്‍ ഇത് കൂടുതല്‍ ഉറപ്പിക്കും.
Related News