ജിദ്ദ : റീട്ടെയ്ല്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി, സൗദി അറേബ്യയിലെ മുന്‍നിര റീട്ടെയ്ല്‍ ലൈഫ്‌സ്‌റ്റൈല്‍ ഗ്രൂപ്പായ സെനോമി അസീസ് മാളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു. സൗദി അറേബ്യയിലെ 72ാമത്തേതും ജിസിസിയിലെ 267ാമത്തെയും സ്റ്റോറാണ് ജിദ്ദയിലേത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ജിദ്ദയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തായ്ബാന്‍ അലി അല്‍കെത്ബി; ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സുരി; ജിദ്ദയിലെ ഫിലിപ്പൈന്‍സ് കോണ്‍സല്‍ ജനറല്‍ റോമെല്‍ എ. റൊമാറ്റോ എന്നിവരുടെ സാന്നിധ്യത്തില്‍ ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ ഇന്‍ഡ്‌സ്ട്രി പ്രസിഡന്റും ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് യൂസഫ് നാഖി, ജിദ്ദ അസീസ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. 10157 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, പഴം പച്ചക്കറി ഉത്പന്നങ്ങള്‍, ബേക്കറി, മത്സ്യം ഇറച്ചി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങ് സുഗമമാക്കാന്‍ സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാര്‍ക്കിംങ്ങ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ജിദ്ദയിലെ ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ലഭിക്കുകയെന്നും വിപുലമായ വികസന പദ്ധതികളാണ് സൗദി അറേബ്യയില്‍ ലുലു നടപ്പാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. 15 ലേറെ റീട്ടെയ്ല്‍ സ്റ്റോറുകള്‍ സൗദി അറേബ്യയില്‍ ഉടന്‍ തുറക്കും, നഗരാതിര്‍ത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കും. സൗദി വിഷന്‍ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ പദ്ധതികള്‍. 2030നകം നൂറ് സ്റ്റോറുകള്‍ എന്ന ലക്ഷ്യത്തിലാണ് ലുലു.
ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.
Related News