ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഹിന്ദു കുടുംബം വിറ്റ വീട് മുസ്ലിം വിഭാഗത്തില്‍പ്പെട്ടയാള്‍ വാങ്ങിയതിനെച്ചൊല്ലി വിവാദം. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ പോലീസ് സ്റ്റേഷന് മുന്നിലും വിറ്റ വീടിന് മുന്നിലും ഹനുമാന്‍ ചാലിസ ചൊല്ലി രംഗത്തെത്തി. ഇതിനിടെ, പ്രതിഷേധം ഭയന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ വീട് വാങ്ങിയ സയീദ് അഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായി.
മീററ്റിലെ ഥാപര്‍ നഗറില്‍ നവംബര്‍ 26-നാണ് സംഭവം. വീണ കല്‍റ, മകന്‍ അനുഭവ് കല്‍റ എന്നിവരില്‍ നിന്ന് 1.46 കോടി രൂപയ്ക്കാണ് സയീദ് വീട് വാങ്ങിയത്. എന്നാല്‍, ഹിന്ദുക്കള്‍ക്ക് മാത്രമേ ഈ മേഖലയില്‍ വീട് വില്‍ക്കാന്‍ പാടുള്ളൂ എന്ന് അവകാശപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിക്കുന്നത്. രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
നവംബര്‍ 30-ന് പ്രദേശത്തെ ഗുരുദ്വാരയ്ക്ക് മുന്നില്‍ മാംസക്കഷണങ്ങള്‍ കണ്ടെത്തിയത് സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നു. ഇത് 'വിധര്‍മികള്‍' ചെയ്തതാണെന്ന് പ്രാദേശിക ഹിന്ദുത്വ നേതാവായ സച്ചിന്‍ സിരോഹി ആരോപിച്ചു. തര്‍ക്കങ്ങള്‍ക്കിടയിലും സയീദ് പുതിയ വീട്ടിലേക്ക് മാറിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചും വായ്പയെടുത്തുമാണ് സയീദ് വീട് വാങ്ങിയതെന്ന് സഹോദരന്‍ ഷഹ്റോസ് പറഞ്ഞു. പാലിന്റെ മൊത്തവില്‍പ്പനക്കാരായ കല്‍റകളുടെ വീട് വാങ്ങുന്നതിലൂടെ ബിസിനസ് മെച്ചപ്പെടുത്താമെന്നും സയീദ് കണക്കുകൂട്ടിയിരുന്നു. അതേസമയം, തൃപ്തികരമായ വില ലഭിച്ചതിനാലാണ് വീട് വിറ്റതെന്ന് ഉടമ അനുഭവ് കല്‍റ പോലീസിനോട് വ്യക്തമാക്കി. സ്ഥലം എം.എല്‍.എ അമിത് അഗര്‍വാള്‍ വഴി വീട് വില്‍ക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. സയീദിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സച്ചിന്‍ സിരോഹി ആയിരിക്കുമെന്ന് സയീദിന്റെ കുടുംബം വ്യക്തമാക്കി.
Related News