l o a d i n g

സാംസ്കാരികം

'കോലൈസ്': ദാരിദ്ര്യത്തിന്റെ കയ്പ്, സ്‌നേഹത്തിന്റെ മധുരം

Thumbnail
Publisher By     എ.എം. സജിത്ത്
October 1, 2025

ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ നിഷ്‌കളങ്കമായ ആഗ്രഹങ്ങളും അതിനുവേണ്ടിയുള്ള മാതാപിതാക്കളുടെ ത്യാഗവും പ്രമേയമാക്കിയ നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'കാക്ക മുട്ടൈ' ചേരിപ്രദേശത്തെ രണ്ട് കുട്ടികള്‍ ഒരു കഷ്ണം പിസ കഴിക്കുന്നതിന് നടത്തുന്ന പ്രയത്‌നങ്ങളിലൂടെ വലിയ സാമൂഹിക വിമര്‍ശനം മുന്നോട്ടുവെക്കുന്നു. ജന്മദിനത്തിന് ഉച്ചഭക്ഷണമായി ബ്രെഡും ബട്ടറും കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടി കേന്ദ്രകഥാപാത്രമാകുന്ന 'ബ്രെഡ് ബട്ടര്‍' എന്ന ഹിന്ദി ഹ്രസ്വചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മകന്റെ ആഗ്രഹം നിറവേറ്റാന്‍ ശ്രമിക്കുന്ന മാതാപിതാക്കളെ വരച്ചുകാട്ടുന്നു.

ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകളും ഒരമ്മയുടെ നിരുപാധികമായ സ്‌നേഹവും മകന്റെ കരുതലും ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്ന ഹ്രസ്വചിത്രമാണ് ഈയിടെ പുറത്തിറങ്ങിയ, അബ്ദുല്ല മുക്കണ്ണിയുടെ കഥയെ ആസ്പദമാക്കി അലി അറക്കല്‍ സംവിധാനം ചെയ്ത 'കോലൈസ്'.

ഭര്‍ത്താവ് അപകടത്തില്‍പെട്ട് കിടപ്പായതിന് ശേഷം ദുരിതങ്ങളാല്‍ നിറഞ്ഞ ജീവിതം നയിക്കുന്ന അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. കൂട്ടുകാര്‍ സ്‌കൂളില്‍ കഴിക്കുമ്പോള്‍ കണ്ട, മധുരമുള്ള 'കോലൈസ്' കഴിക്കാനുള്ള മകന്റെ നിഷ്‌കളങ്കമായ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള അമ്മയുടെ ശ്രമവും, കോലൈസ് കൈയില്‍ കിട്ടിയിട്ടും അത് ഒരിക്കലും കഴിച്ചിട്ടില്ലാത്ത അമ്മക്ക് നല്‍കാനുള്ള മകന്റെ മനോഭാവവുമാണ് കഥയുടെ കാതല്‍.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കുടുംബം. മകന്റെ അസുഖവും ഡോക്ടറെ കാണിക്കാനുള്ള പണമില്ലായ്മയും അമ്മയെ അലട്ടുന്നു. വരുമാനത്തിനായി ആശ്രയിക്കുന്ന ആടിനെയും കോഴിയെയും വില്‍ക്കുന്നതിനെക്കുറിച്ച് പോലും അവര്‍ക്ക് ആലോചിക്കേണ്ടി വരുന്നു. ദാരിദ്ര്യം കാരണം ലളിതമായ സന്തോഷങ്ങള്‍പോലും അനുഭവിക്കാന്‍ കഴിയാതെയാണ് അവരുടെ ജീവിതം.

സ്‌കൂളില്‍ കൂട്ടുകാര്‍ കഴിക്കുന്ന കോലൈസ് കഴിക്കാനുളള ആഗ്രഹമാണ് മകന്റെ മനസ്സില്‍. അമ്മ കോലൈസ് കഴിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിലൂടെ ആ കുടുംബത്തിന്റെ കാലങ്ങളായി തുടരുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും ചിത്രം എടുത്തുകാട്ടുന്നു. ഒടുവില്‍ മകന്റെ ചെറിയ ആഗ്രഹം നിറവേറ്റാനായി അമ്മ ഒരു തീരുമാനമെടുക്കുന്നു. മുട്ട വിറ്റ് കോലൈസ് വാങ്ങാനായി അവര്‍ മകന് നല്‍കുന്നു.

കോലൈസ് വാങ്ങിയെങ്കിലും ഒരിക്കലും അത് രുചിച്ചിട്ടില്ലാത്ത അമ്മയുടെ മുഖമാണ് മകന്റെ മനസ്സില്‍ തെളിയുന്നത്. മകന്‍ കൊണ്ടുവന്ന കോലൈസ് അമ്മ രുചിക്കുന്ന നിമിഷമാണ് ചിത്രത്തിന്റെ വൈകാരിക കേന്ദ്രബിന്ദു. ആ രുചിയില്‍ അവര്‍ മതിമറക്കുന്നു. 'ഇതിന് മധുരമാണോ, തേനാണോ, കുളിരാണോ... ഇതുപോലൊരു സാധനം ഈ ദുനിയാവില്‍ ഉണ്ടോ?' എന്ന് അവര്‍ അത്ഭുതത്തോടെ ചോദിക്കുന്നു. മകന്റെ സന്തോഷം അവര്‍ക്ക് നഷ്ടപ്പെട്ട സ്വന്തം സന്തോഷമായി മാറുന്ന ഈ നിമിഷം, ഒരമ്മയുടെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മധുരം വിളിച്ചോതുന്നു.

ലളിതവും എന്നാല്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമായ ഒരു വിഷയത്തിലൂടെ, പ്രതീക്ഷ, മാതൃവാത്സല്യം, ദാരിദ്ര്യത്തിന്റെ കയ്പുനിറഞ്ഞ യാഥാര്‍ത്ഥ്യം എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് 'കോലൈസ്'. ബഡ്ജറ്റ് ലാബ് ഷോര്‍ട്‌സ് ചാനലിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

1970-80കളിലെ മലബാറിന്റെ ഗ്രാമീണതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചിട്ടും പഴയ കേരളത്തിന്റെ ആത്മാവിനെ പുനഃസൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സിനിമയിലെ ദൃശ്യങ്ങളും വൈകാരിക നിമിഷങ്ങളും എടുത്തുപറയേണ്ടതാണ്. കൊലൈസ് വെറുമൊരു കഥയല്ല, മറന്നുപോയ വികാരങ്ങള്‍ക്കുള്ള ഒരു സമര്‍പ്പണവും, ഭൂതകാലത്തിലേക്കുള്ള കണ്ണാടിയുമാണ്.

ഫെബിന്‍ അട്ടൂപ്പുറം ഛായാഗ്രഹണവും സിവിന്‍ സൈമണ്‍ സംഗീതവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ മികച്ച സാങ്കേതികപ്രവര്‍ത്തകരുടെ കൂട്ടായ്മ കാണാം. കുടുംബബന്ധങ്ങളെക്കുറിച്ചും കാലത്തിന്റെ അനിവാര്യമായ ഒഴുക്കിനെക്കുറിച്ചും ഹൃദയസ്പര്‍ശിയായ രീതിയില്‍ കഥ പറയാനുള്ള ശ്രമം പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.

ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്ത, ജിദ്ദയിലെ പ്രമുഖ ഗായിക കൂടിയായ സോഫിയ സുനില്‍ കഥാപാത്രത്തെ ഗംഭിരമാക്കി. റിഷാന്‍ റിയാസാണ് മകനായി അഭിനയിച്ചത്. സുബൈര്‍ ജെ.കെ, അനീസ് ബാബു, അയൂബ് മാസ്റ്റര്‍, നാസര്‍ ശാന്തപുരം എന്നിവരും ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026