ജെയ്പൂര്‍: വീടിനു തീപിടിച്ചതിനെത്തുടര്‍ന്ന് പുകയില്‍ ശ്വാസംമുട്ടി ടിവി ബാലതാരം വീര്‍ ശര്‍മ(8)യും സഹോദരന്‍ ഷോറിയ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോള്‍ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
കോച്ചിങ് സെന്ററില്‍ അധ്യാപകനായ അച്ഛന്‍ ജിതേന്ദ്ര ശര്‍മ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശര്‍മ മുംബൈയിലായിരുന്നു. സ്വീകരണമുറിയില്‍ തീ പടര്‍ന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂറ്റാണ് അപകടകാരണമായി സംശയിക്കുന്നത്.
ശ്രീമദ് രാമായണത്തിലെ പുഷ്‌കല്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷന്‍ താരമാണ് വീര്‍ ശര്‍മ. പുതിയ സിനിമയില്‍ സെയ്ഫ് അലി ഖാന്റെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീര്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. അനന്തപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദീപ്ശ്രീ ബില്‍ഡിങ്ങിന്റെ നാലാം നിലയിലെ ഫ്‌ലാറ്റിലാണ് സംഭവം നടന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ അവര്‍ പിതാവിനെ വിവരമറിയിക്കുകയും കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരം, കുട്ടികളുടെ കണ്ണുകള്‍ ഒരു നേത്രബാങ്കിന് ദാനം ചെയ്തു.
Related News