കൊച്ചി: രാഷ്ട്രീയ സ്വരമുയര്‍ത്തുന്ന സ്ത്രീകളെയും അവരുടെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളേയും പൊതു സമൂഹം ഭയപ്പെടുന്നു എന്ന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ കന്നട എഴുത്തുകാരിയുമായ ബാനു മുഷ്താഖ്. കാക്കനാട് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
യുവ മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനായി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ട്. സത്യം പറയാന്‍ ഭയപ്പെടരുതെന്നും പക്ഷേ സത്യം പറയുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ബാനു മുഷ്താഖ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തനം കുറ്റമല്ല. എന്നാല്‍ ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളെ മറയ്ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിദ്ദിഖ് കാപ്പനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെടുന്നതും നാം കാണുന്നു. ഇത് നിലവിലുള്ള ദുര്‍ബലമായ മാധ്യമ സ്വാതന്ത്ര്യത്തെയും അനീതിക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തത്തെയും ചൂണ്ടിക്കാട്ടുന്നു എന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള തടസ്സങ്ങള്‍ മറികടന്ന് അസത്യത്തിനും അനീതിക്കുമെതിരെ നിലകൊള്ളുന്ന വനിതാ - ദളിത് മാധ്യമ പ്രവര്‍ത്തകരില്‍ താന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍ സാഹിത്യപ്രവര്‍ത്തനം എന്നത് വെറും കഥ പറച്ചിലല്ലെന്നും സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ ദ ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍ ബാനു മുഷ്താഖുമായി അഭിമുഖ സംഭാഷണം നടത്തി. തന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച ബാനു മുഷ്താഖ് കൊല ചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ ജീവിതത്തിന് ഉള്‍ക്കാഴ്ച നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നുവെന്ന് സൂചിപ്പിച്ചു. ദീര്‍ഘകാലത്തെ കന്നഡ പത്രപ്രവര്‍ത്തന പശ്ചാത്തലം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ബാനു മുഷ്താഖിന്റെ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ പ്രശസ്ത വിവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
Related News