ജിദ്ദ: പ്രവാസി മലയാളിയായ ആലപ്പുഴ തെക്കനാര്യാട് വേളിയാകുളങ്ങരയില്‍ ആത്തിക്കാ ഉമ്മാ മന്‍സിലില്‍ ജലാല്‍ റഹ്‌മാന്റെ ഓര്‍മക്കറിപ്പുകള്‍ ഇനി അറബികളും വായിക്കും. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും സര്‍വകലാശാല അധ്യാപകനും പരിഭാഷകനും ഗവേഷകനുമായ കായംകുളം ഓച്ചിറ ഉണിശ്ശേരില്‍ ഇ. യുസുഫ് സാഹിബ് നദവിയാണ് പുസ്തകത്തിന്റെ അറബിയിലേക്കുള്ള മൊഴിമാറ്റം നടത്തിയത്. ജലാല്‍ റഹ്‌മാന്‍ എഴുതിയ 'അങ്ങും ഇങ്ങും എങ്ങും' എന്ന കൃതിയിലെ തെരെഞ്ഞടുത്ത 33 അധ്യായങ്ങളുടെ അറബി പരിഭാഷയാണ് പുറത്തിക്കിയിരിക്കുന്നത്.' ജലാല്‍ റഹ്‌മാന്റെ ഗള്‍ഫ് ജീവിതത്തിലെ ഓര്‍മകള്‍' എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ സൗദിയിലെ പ്രമുഖ പ്രസാധക കൂട്ടായ്മയായ 'സമാവി' പബ്ലിക്കേഷനാണ്.
സൗദിയിലെ നജ്‌റാനിന്‍ ദീര്‍ഘകാലമായി പ്രവാസിയായ ജലാല്‍ റഹ്‌മാന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരങ്ങള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങളാണ്. ദാരിദ്രവും പ്രതികൂല ജീവിത സാഹചര്യങ്ങളും മൂലം എട്ടാം ക്ലാസില്‍ പഠനം മുടങ്ങിപ്പോയ ജലാല്‍ റഹ്‌മാന്‍ രണ്ടു പതിറ്റാണ്ടോളം കായംകുളം എം.എസ്.എം. കോളേജില്‍ കാന്റീന്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ജലാല്‍ തൊഴില്‍ തേടി സൗദിയിലേക്കെത്തിയത്. കോളജ് കാന്റീന്‍ നടത്തിയ കാലത്തെ ജീവിതാനുഭവങ്ങള്‍ ' ഒരു കോളേജ് കാന്റീന്‍ കാരന്റെ കുറിപ്പുകള്‍ ''എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. ആ പുസ്തകം പിന്നീട് എഴുത്തുകാരനായ ലക്ഷ്മന്‍ മാധവ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അതിനുശേഷം ജലാല്‍ റഹ്‌മാന്‍ എഴുതിയ 'അങ്ങും ഇങ്ങും എങ്ങും' എന്ന പുസ്തകമാണ് ഇപ്പോള്‍ അറബിയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരികരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ അച്ചടിച്ച കോപ്പിയും ഓണ്‍ലൈന്‍ എഡിഷനും ലഭ്യമാണ്.
കൊല്ലം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ അക്കാദമിക്ക് കോ-ഓര്‍ഡിനേറ്ററായ യുസഫ് സാഹിബ് നദവി നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ നിന്നും ഇതര ഭാഷകളില്‍ നിന്നും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, ഖുശ്വന്ത് സിംഗ് തുടങ്ങിയവരുടെ പ്രശസ്ത കൃതികളുടെ പരിഭാഷയടക്കം അറബിയിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം. പ്രമുഖ സിനിമാതാരവും പാര്‍ലമെന്റ് അംഗവുമായിരുന്ന ഇന്നസെന്റിന്റെ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകത്തിന്റെ അറബി പരിഭാഷയും യുസഫ് സാഹിബ് നദവിയാണ് നിര്‍വഹിച്ചത്. ഈജിപ്തിലെ കെയ്റോയിലെ ദാറുല്‍ ഖലം പബ്ലിഷേഴ്സാണ് കഴിഞ്ഞ മാസം പുസ്തകത്തിന്റെ അറബി പരിഭാഷ പ്രസിദ്ധീകരിച്ചത്. 'വക്കം മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ അറബിഭാഷാ സേവനങ്ങളും പരിഭാഷകളും ' എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് യൂസഫ് സാഹിബ് നദവി.
പ്രവാസ ജീവിതത്തിലെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങളും അറബ് ജീവിതവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികളായ വിവിധ രാജ്യക്കാരുടെ ജീവിതവുമാണ് ജലാലിന്റെ ഓര്‍മക്കുറിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി അതീവ ലളിതമായ ഭാഷയിലാണ് ജലാല്‍ പുസ്തകങ്ങളില്‍ എഴുതുന്നത്. സ്വന്തം ജീവിതവും നിരീക്ഷണങ്ങളും തന്റേതായ ഭാഷയിലും ശൈലിയിലും വളച്ചുകെട്ടില്ലാതെ അനുഭക്കുറിപ്പുകളില്‍ ജലാല്‍ പറയുന്നു. നജ്റാനിലെ ജലാലിന്റെ കടയിലെത്തുന്ന സൗദികളും അറബികളും മലയാളത്തിലുള്ള തന്റെ പുസ്തകങ്ങള്‍ അറബിയില്‍ വായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് അറബി പരിഭാഷയിലേക്ക് നയിച്ചതെന്ന് ജലാല്‍ പറയുന്നു. തന്റെ പുസ്തകങ്ങളുടെ പരിഭാഷ ആദ്യം ഇംഗ്ലീഷിലും ഇപ്പോള്‍ അറബിയിലും പുറത്തിറങ്ങിയതില്‍ സന്തോഷമുള്ളതായി ജലാല്‍ പറഞ്ഞു. നജ്റാനില്‍ സ്വന്തം നിലയില്‍ ബിസിനസ് നടത്തുകയാണ് ഇപ്പോള്‍ ജലാല്‍ റഹ്‌മാന്‍. നാട്ടിലുള്ള ഭാര്യ സാജിതയും മക്കളായ സുല്‍ത്താന, മുഹമ്മദ് സുള്‍ഫിക്കര്‍, മുഹമ്മദ് സലില്‍ എന്നിവരുമാണ് ജലാലിന്റെ എഴുത്തിന് എല്ലാ പിന്തുണയും നല്‍കുന്നത്.
ഫോട്ടോ:
ജലാല്‍ റഹ്‌മാന്റെ പുസ്തകത്തിന്റെ കവര്‍ പേജും പരിഭാഷകന്‍ ഇ. യുസുഫ് സാഹിബ് നദവിയും.
-താഹ കൊല്ലേത്ത്
Related News