അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സ് അബുദാബിയില്‍നിന്ന് മദീനിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. നവംബറിലാണ് മദീന സര്‍വീസിന് തുടക്കമിടുക. മദീന അടക്കം ഏഴ് പുതിയ സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വീസ് ലക്ഷ്യമിടുന്നത്. അല്‍മാട്ടി (കസാക്കിസ്ഥാന്‍), ബാക്കു (അസര്‍ബൈജാന്‍), ബുക്കാറെസ്റ്റ് (റൊമാനിയ), ടിബിലിസി (ജോര്‍ജിയ), താഷ്‌കെന്റ് (ഉസ്‌ബെക്കിസ്ഥാന്‍), യെരേവന്‍ (അര്‍മേനിയ) എന്നിവിടങ്ങളിലേക്കാണ് തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സര്‍വീസ് തുടങ്ങുന്നത്. ഈ സര്‍വീസുകള്‍ അബുദാബിയെ ടൂറിസം, സംസ്‌കാരം, വാണിജ്യം എന്നിവയുടെ ഒരു പ്രധാന കേന്ദ്രം എന്ന നിലയ്ക്ക് കൂടുതല്‍ ശക്തിപ്പെടുത്തും. ഇതോടെ 2025-ല്‍ ഇത്തിഹാദ് ആരംഭിക്കുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 27 ആയി.
വിമാന ടിക്കറ്റുകള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാവാന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ആറു സര്‍വീസുകളും 2026 മാര്‍ച്ചോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.
കൂടുതല്‍ ആളുകളെ നേരിട്ട് അബുദാബിയിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് സിഇഒ ആന്റോണോള്‍ഡോ നെവ്‌സ് പറഞ്ഞു. യുഎഇയുടെ തലസ്ഥാനത്ത് ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും ആവശ്യം ഉയര്‍ത്താന്‍ ഈ സര്‍വീസുകള്‍ സഹായിക്കും. ഈ കേന്ദ്രങ്ങളില്‍ പലതിലേക്കും സര്‍വീസ് നടത്തിയിരുന്ന ബജറ്റ് എയര്‍ലൈന്‍സായ വിസ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നുള്ള സര്‍വീസ് അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.
Related News