തെക്കന്‍ കേരളത്തിലെ മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലയിലെ നിറസാന്നിദ്ധ്യവും ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ ഉപാദ്ധ്യക്ഷനും വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥം മിഷ്‌കാത്തുല്‍ മസ്വാബീഹ്, ബുര്‍ദ ശരീഫ് എന്നിവയടക്കമുള്ള ഒട്ടനവധി ഗ്രന്ഥങ്ങളുടെ പരിപാഷകനും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവും ദക്ഷിണ കേരളാ ജം ഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനും അരനൂറ്റാണ്ടിലേറെ ദക്ഷിണയുടെ ദ്വൈവാരിക അന്ന സീമിന്റെ ചീഫ് എഡിറ്ററും ഗോളശാസ്ത്ര മടക്കമുള്ള ഒട്ടവധി വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ ആളുമായിരുന്നു വിട പറഞ്ഞ മൈലാപ്പൂരു ശൗഖത്താലി മൗലവി. ആറു പതിറ്റാണ്ടു് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടേയും പോഷക പ്രസ്താനങ്ങളുടേയും നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു വരികയായിരുന്നു. അദ്ദേഹം കൈയൊപ്പ് ചാര്‍ത്താത്ത ഒരു മേഖലയും ദക്ഷിണക്കില്ല. മത വിദ്ധ്യാഭ്യാസത്തോടൊപ്പം Bsc, Bed ഡിഗ്രിയും കരസ്ഥമാക്കി മതഭൗതിക വിജ്ഞാനങ്ങളെ സമന്വയിപ്പിച്ച് പ്രബോധന മേഖലക്കു വേറിട്ട രൂപഭാവങ്ങള്‍ സമ്മാനിച്ച ഒരു സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായിരുന്നു ശൗഖത്താലി മൗലവി. ദക്ഷിണ കേരളാ ഇസ്ലാമിക് സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന വിദ്യാര്‍ഥി സംഘടനക്ക് രൂപം നല്‍കുന്നതിന്റെ മുന്നോടിയായി പ്രഥമ കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയ അദ്ദേഹം മരണം വരേക്കും ജംഇയ്യത്തുല്‍ ഉലമയുടെ വ്യത്യസ്ത മേഖലകളില്‍ നേതൃപരമായ സേവനം ചെയ്ത് കരുത്തുറ്റ നായകനായി സേവനം ചെയ്തു വരികയായിരുന്നു.
മുസ്ലിം എന്ന സ്വത്വബോധത്തില്‍ അടിയുറച്ച് സുന്നത്തു ജമാഅത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നും അല്‍പം പോലും വ്യതിചലിക്കാതെ വിശ്വാസ കര്‍മാനുഷ്ഠാന വൈവിധ്യങ്ങള്‍ക്കതീതമായ ഒരു ഏകതാബോധം സമൂഹത്തിനുണ്ടാക്കി തീര്‍ക്കാന്‍ രാപ്പകല്‍ വിത്യാസമില്ലാതെ അക്ഷീണം പ്രവര്‍ത്തന ഗോദയില്‍ സര്‍വ്വാംഗ സമര്‍പ്പിതനായി പ്രസരിപ്പോടെ പ്രവര്‍ത്തിച്ചിരുന്ന ലക്ഷണമൊത്ത ഇസ്ലാമിക പണ്ഡിതനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കൈരളിക്കു നഷ്ടമായത് . വ്യക്തിബന്ധങ്ങളിലും അവാന്തര സമാന്തര വൈരുദ്ധ്യ സംഘടനകളോടുള്ള ബന്ധങ്ങളിലും തന്റെ ആശയത്തോടു വിയോജിക്കുന്നവരെ ആശയ വിയോജിപ്പുള്ളവര്‍ എന്ന നിലയില്‍ മാത്രമായി കാണുവാനും മാനുഷീക പരിഗണനയില്‍ അവരുമായി യോജിക്കാന്‍ പറ്റുന്ന അഖില മേഖലകളിലും യോജിക്കുന്നതിനും അവരെ അംഗീകരിക്കുന്നതിനും അവരോടുള്ള ഭിന്നാഭിപ്രായങ്ങളോ ഭിന്നാശയങ്ങളോ ഒരിക്കലും അദ്ദേഹത്തിനു തടസ്സമാകാറില്ലായിരുന്നു. അവധാനതയോടു വിഷയങ്ങളെ സമീപിക്കുമ്പോള്‍ തന്നെ തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വത്തോടു നീതി പുലര്‍ത്തുക എന്നത് അദ്ദേഹത്തിന്റെ വേറിട്ട രീതി ശാസ്ത്രമായിരുന്നു .
പഴയ തലമുറക്കോ പുതു തലമുറക്കോ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തത്ര പ്രശസ്തനായിരുന്നു ബഹുമുഖ പ്രതിഭയായ മൗലവി.
ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം മൊഴിമാറ്റങ്ങള്‍ക്കു പുറമെ ഗ്രന്ഥരചനയും വാര്‍ദ്ധക്യ അവസ്ഥയിലും ജീവിത ദൗത്യമായി കണ്ടിരുന്നു. ജാമിഅ മന്നാനിയായുടെ ആദ്യകാല സെക്രട്ടറിയും ദീര്‍ഘകാല ട്രഷററും അന്നസീം മുന്‍ പത്രാധിപരുമായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1986ല്‍ കൊല്ലത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയോട് അനുബന്ധിച്ച് കൊല്ലം കര്‍ബല സലാമത്ത് ഹാളില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ എക്‌സിബിഷന്‍ 'മൈലാപൂരിയാ' വിസ്മയമായിരുന്നു. വ്യത്യസ്ത ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു.
ലോകപ്രശസ്ത പ്രവാചക പ്രകീര്‍ത്തന കാവ്യമായ ഇമാം ബുസൂരി രചിച്ച ഖസീദത്തുല്‍ ബുര്‍ദ്ദ ലോകത്തെമ്പാടുമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതുപോലെ ഖസീദത്തുല്‍ ബുര്‍ദ്ദയ്ക്ക് മലയാളത്തിലും നിരവധി പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാരിന്റെ സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഖസീദത്തുല്‍ ബുര്‍ദ്ദയുടെ പരിഭാഷകനായ അദ്ദേഹത്തിന് ഇസ്ലാമിക് ദായക്രമം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഗവണ്മെന്റ് പാരിതോഷികം നല്‍കിയിരുന്നു.
കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ മൈലാപ്പൂര് വലിയവീട്ടില്‍ സുലൈമാന്‍ കുഞ്ഞിന്റേയും വേലിശേരി ബംഗ്ലാവില്‍ സൈനബയുമ്മയുടേയും മകനായി 1934 ഏപ്രില്‍ 22 നാണ് ജനനം. മാതാപിതാക്കളില്‍ നിന്ന് തന്നെ പ്രാഥമിക അറിവുകള്‍ പഠിച്ച ഉസ്താദിന്റെ ആദ്യത്തെ ഗുരുനാഥന്‍ മര്‍ഹൂം കോയാക്കുട്ടി മുസ്ലിയാരാണ്. കോയക്കുട്ടി ഉസ്താദിന്റ കീഴില്‍ ഖുര്‍ആന്‍ പഠിച്ച ശേഷം തട്ടാമല സ്‌കൂളില്‍ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടി തുടര്‍ന്ന് കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബിക് കോളേജില്‍ മതപഠനം ആരംഭിച്ചു. മര്‍ഹൂം വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, മര്‍ഹൂം കിടങ്ങയം ഇബ്രാഹിം മൗലവി തുടങ്ങിയവരാണ്അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍.
കൊല്ലൂര്‍വിളയിലെ മതപഠന കാലത്ത് തന്നെ കൊല്ലം എസ്.എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റ് പ്രവേശനം നേടിയിരുന്നു. ഹൈസ്‌കൂള്‍ പഠനം സ്വപ്രയത്‌നത്താല്‍ കരസ്ഥമാക്കിയിട്ടാണ് അദ്ദേഹം എസ് .എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റ് അഡ്മിഷന്‍ നേടിയത്. ഒരേസമയം കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂമില്‍ നിന്ന് മതപഠനവും, എസ് .എന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും പിന്നീട് B.sc യില്‍ ബിരുദവും നേടിയെടുത്തു. B.sc പരീക്ഷ എഴുതുന്നതിനും മുമ്പേ PSC സെലക്ഷന്‍ മുഖേന ഗവണ്മെന്റ് അദ്ധ്യാപകനായ ഉസ്താദ് പിന്നീടാണ് B.sc പരീക്ഷ പാസാകുന്നതും പത്തനാപുരം മൌണ്ട് ടാബോര്‍ ട്രെയിനിങ് അക്കാദമിയില്‍ നിന്ന് B.ed പാസാകുന്നതും. തലപ്പാവോടെ അദ്ധ്യാപക വൃത്തിയില്‍ തുടര്‍ന്ന അദ്ദേഹത്തിന്റെ മുഖ്യ വിഷയങ്ങള്‍ ഇംഗ്ലീഷും, ഗണിത ശാസ്ത്രവുമായിരുന്നു . അദ്ധ്യാപകനായി സേവനമാരംഭിച്ചത് വയനാട്ടിലും പിന്നീട് കൊല്ലം ജില്ലയിലെ പല സ്‌കൂളുകളിലും അദ്ധ്യാപകനായി തുടര്‍ന്ന് താന്‍ പഠിച്ച തട്ടാമല സ്‌കൂളില്‍ നിന്നുതന്നെ അദ്ധ്യാപകവൃത്തിയില്‍ നിന്നും വിരമിച്ചു. ഭൗതീക വിദ്യാഭ്യാസ മേഖലയില്‍ തുടരുമ്പോഴും എഴുത്തിലൂടെ പ്രബോധന മേഖലക്ക് ശക്തി പകര്‍ന്നു കൊണ്ടിരുന്നു.
മദ്രസ പഠനകാലത്ത് തന്നെ പ്രസിദ്ധീകരിച്ച ''കഅ്ബാലയ നവീകരണം - മാപ്പിളപ്പാട്ട് '' ആണ് ഉസ്താദിന്റെ ആദ്യ കൃതി. ഇതിനോട് ചേര്‍ന്ന് തന്നെ എഴുതപ്പെട്ട മറ്റൊരു കൃതിയാണ് കിതാബ് സൗമിന്റെ മലയാള പരിഭാഷ. ഫാതിഹയുടെ വ്യാഖ്യാനം, മതവും യുക്തിവാദികളും, മുഹമ്മദന്‍ ലോ സമ്പൂര്‍ണ്ണ അവലോകനം, തുടങ്ങി നാല്പത്തിയൊന്ന് ഗ്രന്ഥങ്ങളും ആയിരത്തിലേറെ പ്രബന്ധങ്ങളും ബഹുമാനപ്പെട്ടവര്‍ ഇതിനോടകം രചിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തിലുള്ള റഫറന്‍സ് ഗൈഡന്‍സുകളാണ് ഉസ്താദിന്റെ ഗ്രന്ഥങ്ങളില്‍ പകുതിയിലേറെയും എന്നുള്ളതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ മൂല്യത്തെ ഉയര്‍ത്തി കാട്ടുന്നത്.
മിശ്കാത്തുല്‍ മസാബീഹ് പരിഭാഷയും- വ്യാഖാനവും, ഗുലാസത്തുല്‍ ഹിസാബ് (ഗണിത ശാസ്ത്രത്തിന്റെ അടിത്തറ) ഇസ്ലാമിക ദായക്രമം, ശിഫാഉല്‍ അസ്ഖാം, തുടങ്ങിയ കൃതികള്‍ മേല്‍പറയപ്പെട്ട വിഭാഗത്തില്‍ പ്രഥമ നിരയില്‍ നില്‍ക്കുന്നു.
സൂറത്തുല്‍ കഹ്ഫിനെ വിശദീകരിച്ച് ഉസ്താദ് എഴുതിയ ''ഒരു ഗുഹയില്‍ മുന്നൂറ് വര്‍ഷം '' കൈരളിയുടെ വായനലോകം ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചെറുകഥയാണ്. മദ്രസ അധ്യാപന രീതി എന്ന ഗ്രന്ഥം മലയാളത്തിലേ ആദ്യത്തെ മദ്രസ അദ്ധ്യാപന സഹായിയാണ്. വാനശാസ്ത്രത്തിലും കര്‍മ്മശാസ്ത്രത്തിലും അദ്ദേഹം ഏറെ ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇമാം ഗസാലിയെയും (റ) ഇമാം റാസി യെയും (റ) പരിചയപ്പെടുത്തുന്ന ജീവിത കഥകളും നിരവധി കവിതകളും ഉസ്താദിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
മന്‍ഖൂസ് മൗലിദിന് ഹദീസുകളുടെ തെളിവുകള്‍ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രതിഭക്കുള്ള അംഗീകാരമെന്ന നിലയില്‍ ഇമാം റാസി അവാര്‍ഡ് അടക്കമുള്ള പല അവാര്‍ഡുകള്‍ക്കും ദേശത്തും വിദേശത്തുമായി പല പ്രസ്ഥാനങ്ങളില്‍ നിന്നും അര്‍ഹനാവുകയും ചെയ്തിട്ടുണ്ട്. ജാമിഅഃ മന്നാനിയ്യയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന തുടങ്ങിയ ഷൗക്കത്തലി മൗലവി പിന്നീട് ദക്ഷിണയുടെ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായും അന്നസീം മാസിക ചീഫ് എഡിറ്ററായും തുടര്‍ന്ന് ദക്ഷിണയുടെ സംസ്ഥാന ട്രഷററായും വിവിധ കാലങ്ങളില്‍ നേതൃത്വം നല്‍കി.
മൈലാപ്പൂര് ഹൈ സ്‌കൂളിന് സമീപം സ്ഥാപിച്ച ഖാത്വിബിയ്യ മസ്ജിദും, മറ്റൊരിടത്ത് സ്ഥാപിച്ച ത്വരീഖത് മസ്ജിദും, റസൂല്‍ കരീം ഹദീസ് അക്കാദമിയും എല്ലാം ഈ സമുഹത്തിന് അവര്‍ നല്‍കിയ സംഭാവനകളാണ്. പദവികള്‍ ആലങ്കാരികമായി പേരിനൊപ്പം ചേര്‍ത്തു വെക്കാനുള്ളതല്ലെന്നും അത് അമാനത്തും അര്‍ഥസമ്പൂര്‍ണ്ണവുമാക്കേണ്ടതാണ് എന്നു പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രയോഗവല്‍കരിച്ചു മാതൃകയായ ഒരു മഹാ പ്രതിഭയെയാണ് അദ്ദേഹത്തില്‍ കൂടി നഷ്ടമായത്.
സുന്നത്തു ജമാഅത്തിന്റെ നാലു സംഘനടകളുടേയും ആശയാദര്‍ശങ്ങള്‍ ഒന്നു തന്നെയാകയാല്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ എന്ന സുന്നീ പ്രസ്ഥാനത്തിനു വേണ്ടി സര്‍വ്വസ്വവും സമര്‍പ്പിക്കുമ്പോള്‍ തന്നെ സുന്നത്തു ജമാഅത്തിന്റെ ഇതര സംഘടനകളോടു സൗന്ദര്യകരമായ അടുപ്പം പാലിക്കാനും അവയുടെ നേതൃത്വത്തോടും അണികളോടും അളവറ്റ ആത്മബന്ധം സ്ഥാപിക്കാനും അതു നിലനിര്‍ത്തി പോരുവാനുമുള്ള അദ്ദേഹത്തിന്റെ താല്‍പര്യം വേറിട്ടതു തന്നെയായിരുന്നു. അതിരുവിട്ട ശത്രുതാമനോഭാവത്തിന് ഒരു പ്രത്യയശാസ്തവും പ്രോത്സാഹനം നല്‍കുന്നില്ലെന്നും അതെല്ലാം സ്വാര്‍ഥതയില്‍ നിന്നും ഉടലെടുക്കുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയാകണം എന്നത് താന്‍ നടന്നു നീങ്ങിയ നാള്‍വഴികളിലൂടെ കൃത്യമായി വായിച്ചെടുക്കുവാന്‍ പറ്റുമാറു് ചിട്ടപ്പെടുത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മതവൈജ്ഞാനിക മേഖലയില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുമ്പോള്‍ തന്നെ ഇടതുവലതു ഭേതമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഗണ്യമായ അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു.
ആസിയ ബീവിയാണ് ഭാര്യ. റഷീദബീവി, അനീസത്ത്, ലുബാബത്ത്, ബരീറത്ത്, ഹലീമത്ത്, ഷാക്കിറത്ത്, അമീറത്ത്, അബ്ദുല്‍ ബാരി, അബ്ദുല്‍ വദൂദ് എന്നിവര്‍ മക്കളും, ഷംസുദ്ദീന്‍, അബ്ദുല്‍ സലീം, നിസാമുദ്ദീന്‍, നസീര്‍ കുട്ടി, നിസാം, നജ്മുദ്ദീന്‍, ഷീജ, ദുല്‍ഫി എന്നിവര്‍ മരുമക്കളും ആണ്.
Related News