ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന തമസ്‌കൃതരുടെ സ്മാരകം എന്ന സാഹിത്യ - ചരിത്ര പഠനഗ്രന്ഥത്തിന്റെ ഔദ്യഗിക പ്രകാശന കര്‍മ്മം ദമ്മാമില്‍ സംഘടിപ്പിക്കുന്നു.
കലാപം കനല്‍ വിതച്ച മണ്ണ് എന്നപേരില്‍ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും, 'മലബാര്‍ സമരം', '1921- ഖിലാഫത്ത് വ്യക്തിയും ദേശവും' എന്നീ പുസ്തകങ്ങളും തയ്യാറാക്കിയ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ 'തമസ്‌കൃതരുടെ സ്മാരകം' എന്ന പുസ്തകത്തിലൂടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇന്നലകളിലേക്ക് ഒരിക്കല്‍കൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ്.
1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അന്നിരുപത്തൊന്നില്‍ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനര്‍ഹമായ ഈ ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ് ചര്‍ച്ച ചെയ്യുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ദീരോധാത്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം ചിന്തിയ വളരെ പ്രധാനപെട്ട ഒരധ്യായം.
വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം സമരത്തെ അറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.
നാളെ (03 ജൂലൈ 2025) വൈകിട്ട് 8 മണിക്ക് റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ പുസ്തകം പ്രകാശനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശന സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ജന: കണ്‍വീനര്‍ ഒ.പി ഹബീബ്, അബ്ദുല്‍ മജീദ് കൊടുവള്ളി, റഹ്‌മാന്‍ കാരയാട്, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, അലി ഭായ് ഊരകം, എഡിറ്റര്‍ മാലിക് മഖ്ബൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Related News