കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.
ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നതാണ് കേസ്. അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നല്‍കി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് നടി ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ബാലചന്ദ്ര മേനോനെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.
ഹോട്ടലില്‍ ബാലചന്ദ്രമേനോന്‍ താമസിച്ചതിന് തെളിവുണ്ടെങ്കിലും നടി സംഭവം നടന്നെന്ന് പറയുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ഇവിടെ എത്തിയതിന് തെളിവുകള്‍ ലഭ്യമായില്ല. വിഷയത്തില്‍ സാക്ഷി പറയാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എത്തിയിരുന്നു. എന്നാല്‍ താനൊന്നും കണ്ടിട്ടില്ലെന്നാണ് അവര്‍ മൊഴി നല്‍കിയത്. ഇത് കേസിന് വന്‍ തിരിച്ചടിയായി.
Related News