ദമ്മാം: വായന ദിനത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ വായന ദിനാചാരണവും, സാഹിതീയം പുസ്തകാവതരണവും സംഘടിപ്പിച്ചു. ദമ്മാം തറവാട് റെസ്റ്റോറന്റ് ഹാളില്‍ നടന്ന പരിപാടിയില്‍, അക്ഷര പ്രേമികളായ ഒട്ടനവധി പേര്‍ പങ്കെടുത്തു. മലയാള സാഹിത്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ ' എന്ന പുസ്തകമാണ് വായന ദിനത്തോടനുബന്ധിച്ച്, അവതരിപ്പിക്കപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമായി.
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയെന്നു വിശേഷിപ്പിക്കാവുന്ന, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ, കോര്‍ത്തിണക്കിയ പുസ്തകം ലളിതഭാഷയില്‍, ഭാവതീവ്രതയോടെ അവതരിപ്പിച്ചത് എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനുമായ സാജിദ് ആറാട്ടുപുഴയാണ്. ചുള്ളിക്കാടിന്റെ ജീവിതത്തിലെ, ഹൃദയത്തെ പൊള്ളിക്കുന്ന ഓര്‍മ്മകളുടെയും, തീക്ഷ്ണതയേറിയ അനുഭവങ്ങളുടെയും സമാഹരമായ പുസ്തകം, തന്റെ സ്വതസിദ്ധമായ ശൈലിയില്‍, ഹൃദയസ്പര്‍ശിയായി, പങ്കെടുത്തവരുടെ കണ്ണില്‍ നനവ് പടര്‍ത്തുന്ന നേരനുഭവമായി സാജിദ് ആറാട്ടുപുഴ അവതരിപ്പിച്ചു. പിറക്കാതെ പോയ മകനെക്കുറിച്ചെഴുതിയ ഭ്രൂണ ഹത്യ, വിശപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ ഭിക്ഷയായി സ്വീകരിച്ച ഓണസദ്യയെപ്പറ്റി പറയുന്ന ഇരന്നുണ്ട ഓണം, തുടങ്ങി പഠനകാലവും, പ്രണയവും, പട്ടിണിയും, കണ്ണീരും കഥാപാത്രങ്ങളാവുന്ന ഒളിച്ചുവെക്കലുകളില്ലാത്ത പുസ്തകത്തിലെ തുറന്നെഴുത്ത്, അതേ വികാരതീവ്രതയോടെ അവതരിപ്പിക്കപ്പെട്ടത് സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
സൗദി മലയാളി സമാജം രക്ഷധികാരി ജേക്കബ് ഉതുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സമാജം ദേശീയ പ്രസിഡന്റും, എഴുത്തുകാരനുമായ മാലിക് മഖ്ബൂല്‍ പുസ്തക ചര്‍ച്ച നയിച്ചു. സാമൂഹിക, സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ ഡോക്ടര്‍ മഹ്‌മൂദ് മൂത്തേടത്ത്, പ്രദീപ് കൊട്ടിയം, പി ടി അലവി, ലതികാ പ്രസാദ്, സയ്ദ് ഹമദാനി, സമദ് റഹ്‌മാന്‍ കൂടല്ലൂര്‍, ജയന്‍ ജോസഫ്, ബിനു കുഞ്ഞ്, അസ്ഹര്‍, ഷനീബ് അബൂബക്കര്‍, നജ്മുസമാന്‍ എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
മലയാളി സമാജത്തിന്റെ അഭിമാനമായി, ശാസ്ത്ര രംഗത്ത് ഉന്നതപഠനത്തിനായി നാട്ടിലേയ്ക്ക് പോകുന്ന ആര്‍ദ്രാ ഉണ്ണിയ്ക്ക് ചടങ്ങില്‍ വെച്ച് സമാജത്തിന്റെ ഉപഹാരവും യാത്രയയപ്പും നല്‍കി. മലയാളി സമാജം വൈസ് പ്രസിഡന്റ് ലീന ഉണ്ണികൃഷ്ണന്‍ - ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ മകളാണ് ആര്‍ദ്ര. ബഹ്റൈന്‍ ഈദ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി സമാജം നിര്‍വ്വാഹക സമിതിയംഗം ഹുസൈന്‍ ചെമ്പോലില്‍, എഡ്വിന്‍ ലാല്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട റിഡെമെന്‍ഷ്യ ' എന്ന ഇംഗ്ലീഷ് കവിതസമാഹാരം എഴുതിയ ദുവാ നജം എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എഴുത്തുകാരിയേയും ചടങ്ങില്‍ അഭിനന്ദിച്ചു. സമാജം അംഗം നജുമുസമാന്റെ മകളാണ് ദുവാ. മലയാളി സമാജം ഭാരവാഹികളായ ആസിഫ് താനൂര്‍, ഫബിനാ നജ്മുസമാന്‍, ലീനാ ഉണ്ണികൃഷ്ണന്‍, ബൈജു കുട്ടനാട്, ഷാജു അഞ്ചേരി, റൗഫ് ചാവക്കാട്, ബൈജു രാജ്, ഹമീദ് കാണിച്ചാട്ടില്‍, വിനോദ് കുഞ്ഞ്, ബൈജു രാജ് ഉണ്ണികൃഷ്ണന്‍ , നിഖില്‍ മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും മുരളീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Related News