കോഴിക്കോട്: കാര്‍ട്ടൂണ്‍ എന്ന കലക്ക് വേണ്ടി മനുഷ്യായുസ്സ് മുഴുവന്‍ ചിലവഴിച്ച കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ ഓര്‍മ്മക്കായി 'കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള' സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'നാളത്തെ കേരളം' എന്ന വിഷയത്തെ അധികരിച്ചായിരുന്നു കാര്‍ട്ടൂണ്‍ മത്സരം
കേരളത്തിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകള്‍ അടങ്ങുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്. വരയുടെ മികവും ആശയ ഗംഭീര്യവും ഹാസ്യാത്മകവുമായ നിരവധി കാര്‍ട്ടൂണുകള്‍ ലഭിച്ചതായി ജൂറി അംഗങ്ങള്‍ വിലയിരുത്തി.
ഒന്നാം സമ്മാനത്തിന് മനു ഒയാസിസ് അര്‍ഹനായി. ബുഖാരി ധര്‍മഗിരി, ജയിംസ് മണലോടി, ഗോപന്‍ ഹരിപ്പാട് എന്നീ മൂന്ന് പേര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് സമ്മാനം ലഭിച്ചു.
വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ ലഭിക്കും. ഇതിന് പുറമേ 3 പേര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരാണെന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചു. കാര്‍ട്ടൂണ്‍ രചനാ രംഗത്ത് വനിതകള്‍ വിരളമാണെങ്കിലും , സ്ത്രീകള്‍ക്കും കാര്‍ട്ടൂണ്‍ മേഖലയില്‍ തിളങ്ങാന്‍ കഴിയും എന്നതിന്റെ തെളിവാണ് രമ്യ രമേശന്റേയും, ഫാത്തിമ റിഫയുടെയും ജസ്‌ന ഒ.കെ.യുടേയും കാര്‍ട്ടൂണുകള്‍ എന്ന് ജൂറി വിലയിരുത്തി. ഇവര്‍ക്ക് ഫലകവും പ്രശസ്തി പത്രവും നല്‍കും. ഇരുനൂറിലധികം കാര്‍ട്ടൂണിസ്റ്റുകള്‍ അംഗമായ കൂട്ടായ്മയാണ് കേരള കാര്‍ട്ടൂണ്‍ ക്ലബ്ബ്.
Related News