എഴുത്ത് കേവലം ഒരു ബൗദ്ധിക വ്യായാമം മാത്രമല്ല, സര്‍ഗ്ഗാത്മകമായ അധ്വാനവും സാമൂഹിക-രാഷ്ട്രീയ പ്രസ്താവനയും കൂടിയാണെന്ന് വീണ്ടും അടിവരയിടുന്നതാണ് ബാനു മുഷ്താഖിന്റെ 'ഹൃദയദീപം' (heart lamp) എന്ന ചെറുകഥാ സമാഹാരം. സ്വന്തം ജീവിതത്തിന്റെ നേര്‍സാക്ഷിയാകാന്‍ ഓരോ എഴുത്തുകാരനെയും പ്രേരിപ്പിക്കുന്ന ഈ പുസ്തകം, മുസ്്ലിം വീടുകളിലെ അടക്കിപ്പിടിച്ച യാഥാര്‍ത്ഥ്യങ്ങളെയും അവിടെ തളംകെട്ടിനില്‍ക്കുന്ന നിശബ്ദതയെയും വായനക്കാരിലേക്ക് എത്തിക്കുന്നു.
പുരുഷാധിപത്യത്തിന്റെയും സ്ത്രീകളുടെ വിധേയത്വത്തിന്റെയും വിവിധ ഭാവങ്ങള്‍ ബാനു മുഷ്താഖിന്റെ വിശാലമായ ചെറുകഥാ ലോകത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അവരുടെ കന്നഡ കഥകളില്‍നിന്ന് ദീപ ഭാസ്തി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പന്ത്രണ്ട് കഥകള്‍ക്ക് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇംഗ്ലീഷ് PEN പുരസ്‌കാരം നേടിയ കൃതി ഇക്കൊല്ലത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാരം കൂടി നേടിയതോടെ കഥകള്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു.
1990-നും 2023-നും ഇടയില്‍ രചിക്കപ്പെട്ട, മുസ്്ലിം സമുദായങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൈനംദിന ജീവിതം 'ഹൃദയദീപം' അതിമനോഹരമായി ഒപ്പിയെടുക്കുന്നു. ജാതീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്ന കുടുംബ-സാമൂഹിക പിരിമുറുക്കങ്ങളുടെ നേര്‍ചിത്രങ്ങളാണ് ഈ കഥകള്‍.
പരമ്പരാഗത മുസ്ലിം കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ട്, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പോരാളിയായി മുഷ്താഖ് ഉയര്‍ന്നു വരുന്നു. നിരീക്ഷണപാടവവും സംഭാഷണ ശൈലിയും ഒത്തുചേര്‍ന്ന ഈ കഥാസമാഹാരം വായനക്കാരെ ആകര്‍ഷിക്കും. പന്ത്രണ്ട് കഥകളിലും മനുഷ്യന്റെ നിലക്കാത്ത വേദനയും ദുരിതങ്ങളും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. എന്നാല്‍, 'ഒരു സ്ത്രീയായി മാറണേ, ഭഗവാനേ!' എന്ന അവസാന കഥ വായനക്കാരില്‍ വേറിട്ടൊരനുഭവമാണ് നല്‍കുന്നത്. ഇത് കഥാസമാഹാരത്തിന് ഉചിതമായൊരു അവസാനമല്ല, മറിച്ച് ഒരു തുറന്ന തുടക്കമാണ്; ദൈവത്തോട് ഒരു സ്ത്രീയായി മാറാന്‍ ആവശ്യപ്പെടുന്ന ഒരു കത്ത്. പുരുഷാധിപത്യത്തില്‍നിന്ന് മോചനം തേടുന്ന ഈ കഥ, ദൈവത്തെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയുന്നു: 'നീ ഈ ലോകത്തെ വീണ്ടും കെട്ടിപ്പടുക്കുകയാണെങ്കില്‍, ഒരു പരിചയമില്ലാത്ത കുശവനെപ്പോലെയാകരുത്. പകരം ഒരു സ്ത്രീയായി ഭൂമിയിലേക്ക് വരൂ!' സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാത്തത്ര നിഷ്‌കളങ്കമാണോ അതോ അവരുടെ കഷ്ടപ്പാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തത്ര ക്രൂരമാണോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ദീപ ഭാസ്തിയുടെ വിവര്‍ത്തനത്തിലൂടെയാണ് മുഷ്താഖിന്റെ പുരോഗമനപരമായ കഥകള്‍ ലോകമെമ്പാടും എത്തുന്നത്. ഭാഷാപരമായ തനിമ നിലനിര്‍ത്താന്‍ ദീപ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരു ഭാഷയിലെ വാക്കുകള്‍ക്ക് പകരം മറ്റൊരു ഭാഷയിലെ തത്തുല്യ വാക്കുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലാണ് വിവര്‍ത്തനം എന്ന് ദീപ ഭാസ്തി അഭിപ്രായപ്പെടുന്നു. ഭാഷാപരമായി സമ്പന്നമായ 'ഹൃദയദീപം' വായനക്കാര്‍ക്ക് വേറിട്ടൊരനുഭവമാണ് നല്‍കുന്നത്.
Related News