ജിദ്ദ: ഈയിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ഷാജി എന്‍ കരുണിനെ അനുസ്മരിക്കുന്നതിനായി 'മറുപിറവി' എന്ന പേരില്‍ സമീക്ഷ സാഹിത്യവേദിയൊരുക്കിയ പരിപാടിയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'പിറവി' പ്രദര്‍ശിപ്പിക്കപ്പെട്ടു. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും കാന്‍ ഫിലിം ഫെസ്റ്റിവല്‍ 'ഗോള്‍ഡന്‍ കാമറ' പരാമര്‍ശമടക്കം നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ പിറവിയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രസക്തി മൂന്നരപ്പതിറ്റാണ്ടിനു ശേഷം ഇന്നും നിലനില്‍ക്കുന്നതായി പ്രേക്ഷകര്‍ വിലയിരുത്തി.
തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ 'പിറവി' യ്ക്കു പ്രചോദനമായി മാറിയ രാജന്‍ കേസിനെക്കുറിച്ചും അടിയന്തരാവസ്ഥക്കാലത്തു നിലനിന്ന സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. ഷാജിയുടെ വ്യക്തിജീവിതം, ചലച്ചിത്ര ജീവിതം, കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അദേഹം സമഗ്രമായി വിലയിരുത്തി.
'പിറവി' യെ മുന്‍നിര്‍ത്തി, സിനിമയുടെ സാങ്കേതികതകളെക്കുറിച്ചും സംവിധാന തന്ത്രങ്ങളെക്കുറിച്ചും, സിനിമാ പ്രവര്‍ത്തകനായ അലി അരീകത്ത് വിശദീകരിച്ചു.
വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാകുന്ന മനുഷ്യരെക്കുറിച്ചു സംസാരിച്ച കിസ്മത്ത് മമ്പാട് പിറവിയുടെ സമകാലിക പ്രസക്തി ചൂണ്ടിക്കാട്ടി. ഷാജു അത്താണിക്കല്‍, അനുപമ ബിജുരാജ്, സലീന മുസാഫിര്‍, റഫീഖ് പത്തനാപുരം, വാസു വെള്ളത്തേടത്ത്, ഡെന്‍സന്‍ ചാക്കോ, സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമീക്ഷ ചെയര്‍മാന്‍ ഹംസ മാദാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ അസ്സൈന്‍ ഇല്ലിക്കല്‍ സ്വാഗതവും മുഹമ്മദ് സാദത്ത് നന്ദിയും പറഞ്ഞു. സുനിത അസ്സൈന്‍, ബിജുരാജ് രാമന്തളി, അദ്നാന്‍ തുടങ്ങിയവര്‍ സംഘാടനത്തിനു നേതൃത്വം നല്‍കി.
Related News