ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവാദ് ഖാന്‍ നായകനാകുന്ന 'അബിര്‍ ഗുലാല്‍' ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടൊപ്പം പാകിസ്ഥാനില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് അനിശ്ചിതകാല വിലക്ക വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരതി എ ബാഗ്ദി സംവിധാനം ചെയ്യുന്ന അബിര്‍ ഗുലാല്‍' മേയ് ഒന്‍പതിന് ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഫവാദ് ഖാനൊപ്പം ചിത്രത്തില്‍ വാണി കപൂറും അഭിനയിക്കുന്നുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ കടുത്ത ഭാഷയില്‍ ഫവാദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫവാദ് ഖാന്‍ ആക്രമണത്തെ അപലപിച്ചത്. പാകിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കണമെന്ന് ഫെഡറേഷന്‍ ഒഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഫവാദിന്റെ പ്രതികരണം. 2016ലെ 'ഏ ദില്‍ ഹേ മുഷ്‌കില്‍' എന്ന ഹിന്ദി ചിത്രത്തിലാണ് ഫവാദ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചിത്രം ഏറെ വിവാദങ്ങള്‍ നേരിട്ടിരുന്നു.
ഇന്ത്യയിലെ ചലച്ചിത്ര, വിനോദ മേഖലയില്‍ പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങി എല്ലാവരുമായുള്ള സഹകരണവും അവസാനിപ്പിക്കണമെന്നും അവരെ വിലക്കണമെന്നുമാണ് ഫെഡറേഷന്‍ ഒഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്റെ ആവശ്യം. ഇവരെ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
Related News