l o a d i n g

കേരള

പ്രവാസികളും സര്‍ക്കാരും തമ്മിലുള്ള പാലമായി പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തിക്കണം -ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

ആലപ്പുഴ: പ്രവാസികളും മടങ്ങിയെത്തിയ പ്രവാസികളും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ഡാണാപ്പടി ചോയ്സ് പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി ലീഗല്‍ സെല്‍ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹം വിദേശത്തും നാട്ടിലും നിരവധി നിയമപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ശരിയായ നിയമാവബോധവും സമയബന്ധിതമായ നിയമസഹായവും ലഭിച്ചാല്‍ അവയില്‍ പലതും ഫലപ്രദമായി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അവകാശസംരക്ഷണം, നിയമസഹായം, ബോധവത്കരണം, ക്ഷേമം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും അര്‍ഹരായവരിലേക്ക് കൃത്യമായി എത്തിക്കുന്നതിനും പ്രവാസികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഫലപ്രദമായി കൊണ്ടുവരുന്നതിനും പ്രവാസി ലീഗല്‍ സെല്‍ സര്‍ക്കാരും പ്രവാസി സമൂഹത്തിനുമിടയിലെ ശക്തമായ പാലമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പി.എല്‍.സി. (പ്രവാസി ലീഗല്‍ സെല്‍) ആലപ്പുഴ ജില്ലാ പ്രസിഡന്റ് അജയന്‍ ചെങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റും മുന്‍ ജില്ലാ ജഡ്ജിയും കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ മുന്‍ മെമ്പര്‍ സെക്രട്ടറിയും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മുന്‍ ആക്ടിങ് ചെയര്‍പേഴ്‌സണുമായ പി. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമബോധവത്കരണം, സര്‍ക്കാര്‍ സംവിധാനങ്ങളുമായുള്ള ഏകോപനം, കാര്യക്ഷമമായ പരാതിപരിഹാര സംവിധാനം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ സംഘടനയുടെ സമീപകാല നിയമനയ ഇടപെടലുകളും പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും വിശദീകരിച്ചു. പ്രവാസി പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ അംഗത്വം നേടുന്നതിനുള്ള 60 വയസ്സ് പ്രായപരിധി നീക്കുക, മടങ്ങിയെത്തിയ പ്രവാസികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അനധികൃത വിദേശ റിക്രൂട്ട്‌മെന്റിനെതിരായ ടാസ്‌ക് ഫോഴ്‌സ് ശക്തിപ്പെടുത്തുക, നിര്‍ദ്ദേശിക്കപ്പെട്ട എന്‍.ആര്‍.ഐ. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ എസ്.ഒ.പി. ഉടന്‍ പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് ഫീസും അനുബന്ധ സേവനച്ചെലവും അമിതമായി വര്‍ധിപ്പിച്ചതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ നടത്തിയ ഇടപെടലും സമ്മേളനത്തില്‍ വിശദീകരിച്ചു. പി.എല്‍.സി. നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍, വിഷയം നിയമാനുസൃതമായി പരിശോധിച്ച് സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.

അനധികൃത വിദേശ റിക്രൂട്ട്‌മെന്റിനെയും വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളെയും നിയന്ത്രിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നിയമനിര്‍മാണ നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കണമെന്നും കരടുനിയമം അടിയന്തരമായി പൂര്‍ത്തിയാക്കി നിയമസഭയില്‍ അവതരിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കും വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ക്കും നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, ഫീസ് നിയന്ത്രണം, തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടി (അറ്റാച്ച് ചെയ്ത്) ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സംവിധാനം എന്നിവ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രന്‍, പി.എല്‍.സി. സംസ്ഥാന കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറിയുമായ ബെന്നി പെരിക്കിലത്ത്, സൗദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറും പ്രവാസി ലീഗല്‍ സെല്‍ ഭരണസമിതി അംഗവുമായ നസ്രുദീന്‍ വി.ജെ., സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ചോയ്സ് പ്ലാസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് നടന്ന പ്രവാസി സംവാദ പരിപാടിയില്‍ അഡ്വ. ആര്‍. മുരളീധരന്‍ മോഡറേറ്ററായി. വര്‍ഗീസ് ജോസഫ്, തുളസീദാസ്, ബെന്നി പെരിക്കിലത്ത്, മോഹനകുമാര്‍ ആയാപറമ്പ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. പ്രവാസികളും മടങ്ങിയെത്തിയവരും നേരിടുന്ന പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, നിയമസഹായം, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, പുനരധിവാസം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രശംസാഫലകങ്ങള്‍ സമ്മാനിക്കുകയും മുതിര്‍ന്ന മുന്‍പ്രവാസികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി കുഞ്ഞുമോന്‍ പദ്മാലയം സ്വാഗതവും ജില്ലാ ട്രഷറര്‍ സുരേന്ദ്രന്‍ കരുവാറ്റ നന്ദിയും പറഞ്ഞു.

പ്രവാസികളുടെ അവകാശം, ക്ഷേമം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനായി ആലപ്പുഴ ജില്ലാ കമ്മിറ്റി ബ്ലോക്ക്-നിയോജകമണ്ഡലം തലത്തില്‍ സജീവമായ നിയമസഹായ സംവിധാനമായി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026