l o a d i n g

കായികം

ലോകം തുകല്‍പന്തിലേക്ക് ചുരുങ്ങുമ്പോള്‍

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2026


ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകം ഒരു തുകല്‍പന്തിലേക്ക് മാത്രം ചുരുങ്ങുന്ന കാഴ്ചയാണ് നാം കാണാന്‍ പോകുന്നത്. ജൂണ്‍ 11-ന് മെക്‌സിക്കോ സിറ്റിയില്‍ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ ആഘോഷത്തിന് തിരിതെളിയും. സവിശേഷതകള്‍ ഏറെയുള്ള ഈ ഫുട്‌ബോള്‍ മാമാങ്കം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്നു എന്നതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, ലോക ഫുട്‌ബോളിലെ ഒരുപിടി ഇതിഹാസങ്ങളുടെ പടിയിറക്കവും, കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളും ചടുല വേഗതയുമായി കളം നിറയുന്ന യുവതാരങ്ങളുടെ ഉയര്‍ച്ചയും ഈ ലോകകപ്പില്‍ കാണാം.

എന്നാല്‍, ലോകകപ്പിന്റെ പ്രസക്തി കളിക്കളത്തിലെ വിജയ-പരാജയങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആധുനിക ലോകത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ആഗോള വേദിയായി അത് മാറിക്കഴിഞ്ഞു. ടീമുകളുടെ എണ്ണം 36-ല്‍ നിന്ന് 48-ആക്കിയ തീരുമാനം ഫിഫയുടെ, ഫുട്‌ബോളിന്റെ ഭൂമിശാസ്ത്രം വികസിപ്പിക്കാനുള്ള നീക്കമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പ് വേദിയിലെത്താന്‍ അവസരം ലഭിക്കുന്നതിലൂടെ ഫുട്‌ബോള്‍ രംഗത്തെ ജനാധിപത്യവല്‍ക്കരണം ശക്തിപ്പെടുകയാണ്. അതേസമയം, മത്സരങ്ങളുടെ നിലവാരം, താരങ്ങളുടെ ശാരീരികക്ഷമത, ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. മത്സരങ്ങളുടെ വ്യാപനവും ഗുണനിലവാരവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുക എന്നത് ഫിഫയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും.

പുതിയ കാലത്തെ കായികവേദികളെല്ലാം ആഗോള സാമ്പത്തിക ശക്തികളുടെ പ്രകടനവേദി കൂടിയാണ്. ലോകകപ്പ് ഫുട്‌ബോളും ഇതില്‍ നിന്ന് വിഭിന്നമല്ല. വന്‍കിട കോര്‍പ്പറേറ്റുകളുടെ നിക്ഷേപങ്ങളും സംപ്രേഷണാവകാശങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സ്വാധീനവും കായികരംഗത്തെ കോര്‍പ്പറേറ്റ് ശക്തികളുടെ കരുത്ത് വ്യക്തമാക്കുന്നു. ഫുട്‌ബോള്‍ ഒരു ജനകീയ കായിക ഇനമാണെങ്കിലും, അതിന്റെ നടത്തിപ്പും നിയന്ത്രണവും കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നു എന്ന വിമര്‍ശനങ്ങളെ ഒരിക്കലും തള്ളിക്കളയാനാവില്ല.

അതിനൊപ്പം ലോകകപ്പ് പോലൊരു വലിയ വേദിയെ മനുഷ്യരെ ഒന്നിപ്പിക്കുന്ന അവസരമായിട്ടും കാണണം. ഭാഷ, മതം, രാഷ്ട്രീയം, അതിരുകള്‍ എന്നിവ മറികടന്ന് ഒരു പന്തിന് പിന്നാലെ ലോകം ഒരുമിച്ച് സഞ്ചരിക്കുന്ന കാഴ്ച എല്ലാ ലോകകപ്പുകളും സമ്മാനിക്കാറുണ്ട്. വിഭജനങ്ങള്‍ വര്‍ധിക്കുന്ന ആഗോള സാഹചര്യത്തില്‍ ഇത്തരം കൂട്ടായ അനുഭവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

സാങ്കേതികവിദ്യയുടെ ഇടപെടലുകളും ലോകകപ്പിന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി (VAR), ഡാറ്റാ വിശകലനങ്ങള്‍, ആരാധകരുടെ ഡിജിറ്റല്‍ പങ്കാളിത്തം എന്നിവ കളിയെ കൂടുതല്‍ സുതാര്യവും ആകര്‍ഷകവുമാക്കുന്നുണ്ട്. എന്നാല്‍, മത്സരങ്ങളുടെ അനിശ്ചിതത്വത്തിന്റെ രസച്ചരട് മുറിക്കുകയും, മനുഷ്യന്റെ സ്വാഭാവിക വിധിനിര്‍ണയത്തിനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഇത്തരം നടപടികള്‍ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

ആധുനിക ഫുട്‌ബോളിലെ മറ്റൊരു ശ്രദ്ധേയമായ പ്രവണത ദേശീയ ടീമുകളുടെ മാറുന്ന സ്വഭാവമാണ്. ഈ ലോകകപ്പിലും നിരവധി താരങ്ങള്‍ ജനിച്ച രാജ്യത്തിനല്ല, കുടുംബവേരുകളോ പൗരത്വമോ അടിസ്ഥാനമാക്കിയുള്ള മറ്റൊരു രാജ്യത്തിന് വേണ്ടിയായിരിക്കും കളത്തിലിറങ്ങുക. കുടിയേറ്റവും ആഗോളവല്‍ക്കരണവും ശക്തിപ്പെട്ട ഇന്നത്തെ കാലത്ത് ദേശീയതയുടെ പരമ്പരാഗത സങ്കല്പങ്ങളെ ഈ പ്രവണത ചോദ്യം ചെയ്യുന്നു. ഒരു രാജ്യത്തിന്റെ ജഴ്‌സി ധരിക്കുന്നത് ജന്മസ്ഥലത്തിന്റെ അടിസ്ഥാനത്തിലാണോ അതോ വ്യക്തിപരമായ തിരിച്ചറിയലിന്റെയും പൗരത്വത്തിന്റെയും അടിസ്ഥാനത്തിലാണോ എന്ന ചര്‍ച്ചയ്ക്കും ഇത് വഴിവെക്കുന്നു. പല രാജ്യങ്ങളുടെയും ടീമുകള്‍ ഇന്ന് വ്യത്യസ്ത വംശീയ, ഭാഷാ, സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കളിക്കാരുടെ സംഗമമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകകപ്പ്, ദേശീയ ടീമുകളുടെ മത്സരം എന്നതിനപ്പുറം ആധുനിക ലോകത്തിന്റെ ബഹുസ്വരതയുടെ പ്രതിഫലനം കൂടിയായി മാറുന്നു.

ഈ ലോകകപ്പ് മാമാങ്കം വെറുമൊരു കായിക മത്സരം മാത്രമല്ല. ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകളും പരിമിതികളും, വാണിജ്യവല്‍ക്കരണത്തിന്റെ നേട്ടങ്ങളും അപകടങ്ങളും, മനുഷ്യ ഐക്യത്തിന്റെ പ്രതീക്ഷകളും കൂടിച്ചേരുന്ന ഒരു വേദി കൂടിയാണ്. ലോകം വീണ്ടും ഫുട്‌ബോളിലേക്ക് കണ്ണുതുറക്കുമ്പോള്‍, മത്സരങ്ങളുടെ ആവേശത്തിനൊപ്പം മനുഷ്യസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആര്‍പ്പുവിളികള്‍ ലോകമെമ്പാടും പരക്കട്ടെ.

- മുനീര്‍ വാളക്കുട

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026