വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ദീര്‍ഘകാല സഖ്യകക്ഷിയായ ഒമാനെതിരെ സൈനിക നടപടി ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള തര്‍ക്കത്തില്‍ ഒമാന്‍ ഇടപെട്ടാല്‍ ഒമാനെ 'തകര്‍ക്കും' (Blow up) എന്നാണ് ട്രംപ് ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ മേഖലയില്‍ യുദ്ധസാധ്യത വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും ചര്‍ച്ചകള്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ വിവാദ പരാമര്‍ശം. 'ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ആരും ഏറ്റെടുക്കാന്‍ പോകുന്നില്ല. ഇത് അന്താരാഷ്ട്ര ജലപാതയാണ്. മറ്റുള്ളവരെപ്പോലെ ഒമാനും മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് അവരെ തകര്‍ക്കേണ്ടി വരും,' ട്രംപ് പറഞ്ഞു.
ഹോര്‍മുസ് ഒരു അന്താരാഷ്ട്ര കടലിടുക്കാണെങ്കിലും, അതിന്റെ ഭൂരിഭാഗവും ഇറാന്റെയും ഒമാന്റെയും പ്രാദേശിക ജലപരിധിയിലാണ് വരുന്നത്. ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ ഈ ജലപാത അടച്ചിരുന്നു. നിലവില്‍ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് വന്‍തുക ടോള്‍ ആയി ഈടാക്കി പരമാധികാരം സ്ഥാപിക്കാനാണ് ഇറാന്റെ നീക്കം.
അന്താരാഷ്ട്ര നിയമപ്രകാരം ഇത്തരം ജലപാതകളില്‍ ടോള്‍ ഈടാക്കാന്‍ അനുവാദമില്ലെങ്കിലും, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കായി 'ഫീസുകള്‍' ഈടാക്കാം. ഇതിനായി ഒമാനുമായി ചേര്‍ന്ന് ഒരു ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ഇറാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇത് തടയാനാണ് ട്രംപ് ഭീഷണിയിലൂടെ ലക്ഷ്യമിടുന്നത്.
ട്രംപിന്റെ പരാമര്‍ശം നാവുപിഴയാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും, അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പിന്നീട് ഒമാനെ പരാമര്‍ശിച്ചുകൊണ്ടുള്ള ട്രാന്‍സ്‌ക്രിപ്റ്റ് ഔദ്യോഗികമായി പങ്കുവെച്ചു. ഇതോടെയാണ് ഭീഷണി ഗൗരവകരമാണെന്ന് വ്യക്തമായത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാനുമായി ചേര്‍ന്ന് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഒമാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഒമാനെതിരെ ട്രംപ് ഭരണകൂടം സൈനിക ഭീഷണി ഉയര്‍ത്തി 24 മണിക്കൂറിനുള്ളിലാണ് ഇത്തരമൊരു കടുത്ത നിലപാട് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ ഭീഷണി നേരിടുന്ന ഒമാന് ഇറാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ട്രംപിന്റെ പെരുമാറ്റം ഒരു 'മാഫിയ തലവനെപ്പോലെ' ആണെന്ന് മനുഷ്യാവകാശ സംഘടനയായ 'ഡോണ്‍' കുറ്റപ്പെടുത്തി. യുഎന്‍ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണ് ഈ ഭീഷണിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 200 വര്‍ഷത്തിലേറെ നീണ്ട ഒമാന്‍-അമേരിക്കന്‍ ബന്ധത്തെ ഈ നീക്കം ഉലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related News