തായിഫ്: സൗദി അറേബ്യയില്‍ മലയാള ഭാഷയില്‍ ഖുതുബ (പെരുന്നാള്‍ പ്രഭാഷണം) നടത്താന്‍ ഔദ്യോഗിക അനുമതിയുള്ള ഏക മസ്ജിദായ തായിഫിലെ മസ്ജിദ് ബുര്‍ജില്‍ മലയാളികള്‍ ഒത്തുചേര്‍ന്ന് ഈദുല്‍ അദ്ഹാ ആഘോഷിച്ചു. തായിഫ് ജാലിയാത്ത് മലയാളം വിഭാഗം മേധാവിയും മസ്ജിദ് ബുര്‍ജിലെ ഖത്തീബുമായ സമീര്‍ സ്വലാഹി ആലപ്പുഴ പെരുന്നാള്‍ ഖുതുബയ്ക്ക് നേതൃത്വം നല്‍കി.
തൗഹീദിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ സന്ദേശമാണ് ഈദുല്‍ അദ്ഹാ മനുഷ്യരാശിക്ക് സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സൃഷ്ടാവായ അല്ലാഹുവിലേക്ക് ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കാനാണ് ഇബ്രാഹീം നബിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
'ഭാഷയുടെയും ദേശത്തിന്റെയും നിറത്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കേണ്ടത് സ്‌നേഹവും കരുണയും സാഹോദര്യവുമാണെന്ന് ഹജ്ജിന്റെ വിശുദ്ധ സംഗമം ലോകത്തോട് വിളിച്ചുപറയുന്നു. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്.' - സമീര്‍ സ്വലാഹി പ്രസ്താവിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒരേ മനസ്സോടെ ഈദ് ആഘോഷിക്കുന്ന ഈ വേളയില്‍, ഹൃദയങ്ങളില്‍ നിന്ന് പകയും അഹങ്കാരവും വിദ്വേഷവും നീക്കി പരസ്പര സ്‌നേഹവും ബഹുമാനവും സൗഹാര്‍ദ്ദവും വളര്‍ത്താന്‍ ഓരോരുത്തരും തയ്യാറാകണം. വീടുകളിലും സമൂഹത്തിലും മാനവികതയും കരുണയും വിശ്വാസവും ശക്തിപ്പെടുത്തി, മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകള്‍ തകര്‍ത്ത് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ജീവിതം പടുത്തുയര്‍ത്താന്‍ പെരുന്നാള്‍ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സുരക്ഷയും കരുണയും നിറയട്ടെയെന്നും, മനുഷ്യരാശിയെ അല്ലാഹു സമാധാനത്താലും ഐക്യത്താലും അനുഗ്രഹിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചാണ് ഖുതുബ സമാപിച്ചത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന മലയാളി കൂട്ടായ്മ പരസ്പരം ഈദ് ആശംസകള്‍ കൈമാറി.
Related News