റിയാദ്: 2026-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സൗദി അറേബ്യയില്‍ ഉംറ നിര്‍വ്വഹിച്ചവരുടെ എണ്ണം ഏകദേശം 41 ലക്ഷത്തിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ തീര്‍ത്ഥാടകരില്‍ 58.3 ശതമാനം പുരുഷന്മാരും 41.7 ശതമാനം സ്ത്രീകളുമാണ്. ഇതില്‍ 45.9 ശതമാനം സൗദി പൗരന്മാരാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് 8,61,700 തീര്‍ത്ഥാടകരാണ് ഉംറയ്ക്കായി എത്തിയത്. വിദേശ തീര്‍ത്ഥാടകരില്‍ 51.5 ശതമാനം സ്ത്രീകളും 48.6 ശതമാനം പുരുഷന്മാരുമാണ്. വിദേശത്തുനിന്നെത്തിയവരില്‍ 77.2 ശതമാനം പേരും വിമാനത്താവളങ്ങള്‍ വഴിയാണ് രാജ്യത്ത് പ്രവേശിച്ചത്. കരമാര്‍ഗ്ഗം 22.6 ശതമാനവും കടല്‍മാര്‍ഗ്ഗം 0.2 ശതമാനവും തീര്‍ത്ഥാടകരെത്തി.
ആഭ്യന്തര തീര്‍ത്ഥാടകരുടെ എണ്ണം 32 ലക്ഷമാണ്. ഇതില്‍ 19 ലക്ഷം സൗദി പൗരന്മാരും 14 ലക്ഷം പ്രവാസികളും ഉള്‍പ്പെടുന്നു. ആഭ്യന്തര തീര്‍ത്ഥാടകരില്‍ 78.8 ശതമാനം പേരും കുടുംബത്തോടൊപ്പമാണ് ഉംറ നിര്‍വ്വഹിച്ചത്. 15.9 ശതമാനം പേര്‍ ഒറ്റയ്ക്കും 5.2 ശതമാനം പേര്‍ സുഹൃത്തുക്കള്‍ക്കൊപ്പവുമാണ് എത്തിയത്. പ്രവിശ്യകളുടെ അടിസ്ഥാനത്തില്‍ 8,43,300 തീര്‍ത്ഥാടകരുമായി റിയാദ് മേഖലയാണ് ഒന്നാമത്. 8,15,700 തീര്‍ത്ഥാടകരുമായി മക്ക മേഖല രണ്ടാമതും 10,100 തീര്‍ത്ഥാടകരുമായി വടക്കന്‍ അതിര്‍ത്തി മേഖല ഏറ്റവും പിന്നിലുമാണ്.
വിദേശത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ജൂണി ലാണ്. 6,12,300 തീര്‍ത്ഥാടകരാണ് ജൂണില്‍ വിദേശത്തുനിന്നെത്തിയത്. ആഭ്യന്തര തീര്‍ത്ഥാടകരില്‍ 16 ലക്ഷം പേര്‍ എത്തിയ ഏപ്രിലാണ് മുന്നില്‍. പ്രായപരിധി പരിശോധിക്കുമ്പോള്‍ വിദേശ തീര്‍ത്ഥാടകരില്‍ 35-44 പ്രായപരിധിയിലുള്ളവരും ആഭ്യന്തര തീര്‍ത്ഥാടകരില്‍ 25-34 പ്രായപരിധിയിലുള്ളവരുമാണ് കൂടുതലുള്ളത്.
അതേസമയം, രണ്ടാം പാദത്തില്‍ വിദേശത്തുനിന്ന് 21 ലക്ഷം സന്ദര്‍ശകര്‍ മദീനയിലെത്തി. രാജ്യത്തിനകത്തുനിന്ന് മതപരമായ ആവശ്യങ്ങള്‍ക്കായി 14 ലക്ഷം പേരും മദീന സന്ദര്‍ശിച്ചു. ഇതിന് പുറമെ, ഈ കാലയളവില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി ഏകദേശം 13.06 കോടി വിശ്വാസികള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു. മസ്ജിദുല്‍ ഹറാമില്‍ 6.79 കോടി വിശ്വാസികളും മസ്ജിദുന്നബവിയില്‍ 6.27 കോടി വിശ്വാസികളുമാണ് എത്തിയത്. മെയിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഇരുഹറമുകളിലുമായി നമസ്‌കാരത്തില്‍ പങ്കെടുത്തത്.
Related News