ന്യൂദല്‍ഹി: ഭരണഘടനാ ഭേദഗതി, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകളില്‍ 30 ദിവസത്തെ കൂടിയാലോചന ആവശ്യപ്പെട്ട് മുന്‍ ബ്യൂറോക്രാറ്റുകളും ആക്ടിവിസ്റ്റുകളും
132ാം ഭരണഘടനാ ഭേദഗതി ബില്ലിലും മണ്ഡല പുനര്‍നിര്‍ണയ (ഡിലിമിറ്റേഷന്‍) ബില്ലുകളിലും വിശദമായ പൊതുചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്. ബില്ലുകളുമായി ബന്ധപ്പെട്ട് 30 ദിവസത്തെ കൂടിയാലോചന് അനുവദിക്കണമെന്നും വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നും ഇവര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും പ്രതിനിധാനത്തെയും ദീര്‍ഘകാലമായി ബാധിക്കാനിടയുള്ള നിര്‍ണായക നിയമനിര്‍മാണ നടപടികളായതിനാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നാണ് ഇവരുടെ നിലപാട്. ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും അഭിപ്രായം അറിയിക്കാന്‍ മതിയായ അവസരം ലഭിക്കേണ്ടതുണ്ടെന്ന് സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിലും പാര്‍ലമെന്റിലെ സീറ്റുകളുടെ വിന്യാസത്തിലും നിര്‍ണായക സ്വാധീനം ചെലുത്തിയേക്കാം. അതിനാല്‍ ജനസംഖ്യാ കണക്കുകള്‍, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രാതിനിധ്യ സമതുലിതാവസ്ഥ, ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, ജനാധിപത്യപരമായ നീതി എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നിയമനിര്‍മാണ നടപടികളില്‍ സുതാര്യതയും പൊതുജന പങ്കാളിത്തവും ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അനിവാര്യമാണ്. ബില്ലുകളുടെ വ്യവസ്ഥകള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ വിശദീകരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും വേണം. പാര്‍ലമെന്ററി ചര്‍ച്ചകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍, ഭരണഘടനാ വിദഗ്ധര്‍, സിവില്‍ സമൂഹ സംഘടനകള്‍ എന്നിവരുടെ അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
30 ദിവസത്തെ കൂടിയാലോചനയിലൂടെ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ശേഖരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയശേഷം ബില്ലുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ് ഉചിതമെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യപരമായ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത്തരം തുറന്ന ചര്‍ച്ചകള്‍ സഹായകമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണ്‍, പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ അശോക് ലവാസ, ദല്‍ഹി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ചരിത്രകാരി മൃദുല മുഖര്‍ജി, നര്‍ത്തകി മല്ലിക സാരാഭായ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.
Related News